സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം
റിയാദ്: സൗദി അറേബ്യയില്‍ രണ്ടുദിവസം മുമ്പ് കാണാതായ നെടുമങ്ങാട് സ്വദേശിയായ പ്രവാസി യുവാവിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് നാലാഞ്ചിറ സ്വദേശി പാറൊട്ട്‌കോണം താഴെകല്ലുവിള വീട്ടില്‍ ശിവകുമാര്‍ വിജയകുമാര്‍ ശ്യാമള (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു ദിവസമായി വാഹനവുമായി കാണാതായതിനെ തുടര്‍ന്ന് അറബ് പൗരനായ തൊഴിലുടമ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ മലയാളി സംഘടനകളും ചിത്ര സഹിതം സമൂഹമാധ്യമത്തിലൂടെ അന്വേഷണം നടത്തുകയുണ്ടായി. എന്നാല്‍ ഇതിനിടെയാണ് റിയാദ് തൂക്കുപാലത്തിനു സമീപം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്.
രണ്ടു ദിവസത്തെ പഴക്കമുള്ള മൃതദേഹം റിയാദിലെ ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിജയകുമാര്‍ തോമസ് നാടാര്‍, ശ്യാമള എന്നിവരാണ് മാതാപിതാക്കള്‍. റിയാദിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ നടന്നുവരുന്നുണ്ട്. സംസ്‌കാരം പിന്നീട്.
An expatriate youth from Nedumangad who went missing two days ago in Saudi Arabia was found dead in his vehicle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."