മാർഗദീപം സ്കോളർഷിപ്പ്: ഇനി മൂന്നുനാൾ മാത്രം; തീയതി നീട്ടണമെന്ന് ആവശ്യം
മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും. മുസ്ലിം, ക്രിസ്ത്യൻ,സിഖ്, ബുദ്ധ, ജൈന, പാഴ്സി തുടങ്ങിയ മതന്യൂനപക്ഷങ്ങളിലെ ഒന്നു മുതൽ എട്ടുവരെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കഴിഞ്ഞമാസം 19ന് ഓണപരീക്ഷയുടെ സമയത്താണ് അപേക്ഷ ക്ഷണിച്ചത്.
ഈ മാസം 12നുള്ളിൽ അപേക്ഷിക്കണം. ഓണപ്പരീക്ഷയ്ക്ക് ശേഷം 10 ദിവസം കഴിഞ്ഞ് ഇന്നലെയാണ് സ്‌കൂളുകൾ തുറന്നത്. ഇനി മൂന്ന് ദിവസമാണ് അപേക്ഷിക്കാനുള്ള സമയം. അതിനുള്ളിൽ ആവശ്യമായ രേഖകൾ തയാറാക്കി നൽകാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയും മാതാപിതാക്കൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റും, ഭിന്നശേഷയുണ്ടെങ്കിൽ സർട്ടിഫക്കറ്റും പൂരിപ്പിച്ച് സ്‌കൂളുകളിലാണ് അപേക്ഷ നൽകേണ്ടത്. കഴിഞ്ഞ അധ്യയനവർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു. വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷവും ജാതി സർട്ടിഫിക്കറ്റിന് മൂന്ന് വർഷവും കാലാവധിയും ള്ളതിനാൽ അന്ന് അപേക്ഷ നൽകിയിരുന്നവർക്ക് ഇപ്രാവശ്യവും ഈ രേഖകൾ തന്നെ നൽകിയാൽ മതി.
കഴിഞ്ഞവർഷം മുസ്ലിം വിഭാഗത്തിൽ 75073 പേർക്കും, ക്രിസ്ത്യൻ വിഭാഗത്തിൽ 46585 പേർക്കുമാണ് സ്കോളർഷിപ്പ് നൽകിയത്. വിദ്യാർഥികളിൽ ചിലർ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തെറ്റായതിനാൽ ബന്ധപ്പെട്ട സോഫ്റ്റ് വെയറിൽ അപ്‌പ്ലോഡ് ചെയ്യാൻ സാധിക്കാത്തതിനാൽ സർക്കാർ അനുവദിച്ച ഫണ്ട് മുഴുവൻ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."