ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് ബഹിഷ്കരിച്ച് ശിരോമണി അകാലിദള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മുന്‍ ഗവര്‍ണറും ബിജെപി തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡന്റും ആയിരുന്ന സിപി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാർഥി. ഇന്‍ഡ്യ മുന്നണിയ്ക്ക് വേണ്ടി സുപ്രിംകോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.
പഞ്ചാബിനെ മുക്കിക്കളഞ്ഞ പ്രളയത്തില്‍ കേന്ദ്ര സർക്കാരിന്റെ സഹായം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ബിആര്‍എസും ബിജെഡിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി എംപി കങ്കണ റണാവത്ത് എന്നിവരും വോട്ട് ചെയ്തു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകള്‍ കൃത്യമായി വരാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഒറ്റക്കെട്ടായി പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് തന്നെ വിജയകരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടം ജനാധിപത്യത്തെ ചവിട്ടി മതിക്കുന്ന ഈ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ആശയപരമായ പോരാട്ടമായാണ് വിലയിരുത്തുന്നതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ബിആർഎസ്, ബിജെഡി പാര്‍ട്ടികള്‍ വിട്ടു നില്‍ക്കുന്നതിന്റെ ദോഷം എന്‍ഡിഎക്കാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഭാവിയില്‍ ഇരു പാർട്ടികളും ഇന്ത്യ മുന്നണിയുടെ ഭാഗമാകും എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."