'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്
കണ്ണൂർ: 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയെ കരുതൽ തടങ്കലിൽ എടുത്ത് തളിപ്പറമ്പ് എക്സൈസ് സംഘം. ബംഗളൂരുവിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നിഖിലയെ അറസ്റ്റ് ചെയ്തത്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ട് (NDPS) പ്രകാരമുള്ള കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
നേരത്തെ, 2025 ഫെബ്രുവരിയിൽ എക്സൈസ് സംഘം നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. അന്ന്, നാല് ഗ്രാം മെത്താഫിറ്റമിൻ ഇവരിൽ നിന്ന് പിടികൂടി. 2023 ഡിസംബറിൽ, നിഖിലയുടെ വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവും മെത്താഫിറ്റമിനും എക്സൈസ് കണ്ടെടുത്തിരുന്നു. പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് അന്ന് പിടികൂടിയത്. ഇതിന് പിന്നാലെ,നിഖില മറ്റൊരു ലഹരിമരുന്ന് കേസിൽ വീണ്ടും അറസ്റ്റിലാകുകയാണ് ഇപ്പോൾ.
ബുള്ളറ്റ് മോട്ടോർസൈക്കിളിൽ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് ജനപ്രിയയായ വ്യക്തിയാണ് നിഖില. ഈ യാത്രകളിലൂടെ ലഭിച്ച സൗഹൃദങ്ങളാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയാൻ കാരണമായതെന്ന് എക്സൈസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 'ബുള്ളറ്റ് ലേഡി' എന്ന പേര് നിഖിലയ്ക്ക് ഈ യാത്രകളിലൂടെയാണ് ലഭിച്ചത്.
നിഖിലയുടെ അറസ്റ്റിന് പിന്നാലെ, മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് എക്സൈസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."