ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
ദോഹ: ഹമാസ് നേതാക്കള്‍ ഉപയോഗിക്കുന്ന ദോഹയിലെ കെട്ടിടത്തിനു നേരെ ഇസ്രായേല്‍ നടത്തിയ അക്രമണത്തില്‍ അമ്പരപ്പോ ഭീതിയോ ഇല്ലാതെ ഇന്ത്യക്കാരടക്കമുള്ള ഖത്തര്‍ പ്രവാസികള്‍. വ്യോമ സര്‍വിസുകള്‍ ഉള്‍പ്പെടെ പതിവ് പോലെ നടക്കുന്നുണ്ട്. സമാധാനവും പൊതു ജന സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോക രാജ്യങ്ങളില്‍ ഒന്നായ ഖത്തറില്‍ ഇത്തരം ഒരു ആക്രമണം നടന്നങ്കെിലും തങ്ങള്‍ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിലാണ് പ്രവാസികളടക്കമുള്ളവര്‍. ആക്രമണം നടന്ന പ്രദേശമൊഴികെ ഖത്തറിലെ മറ്റു പ്രദേശങ്ങളെല്ലാം തന്നെ സാധാരണ പോലെയായിരുന്നു. കൃത്യമായ ഭരണ നിര്‍വഹണത്തിലൂടെ സ്വദേശികളുടെയും വിദേശികളുടെയും ജീവനും സുരക്ഷക്കും എന്നും പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സുരക്ഷിത രാജ്യമാണ് ഖത്തര്‍ എന്നുള്ളതാണ് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഭീതിയില്ലാത്തതിന്റെ മുഖ്യ കാരണം.
കുറച്ചു ദിവസങ്ങള്‍ മുന്നേ ഖത്തറിലെ അമേരിക്കന്‍ എയര്‍ ബേസിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഖത്തര്‍ സ്വീകരിച്ച നിലപാട് ഈ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.
സമാധാനം മുന്‍ നിര്‍ത്തി പലസ്തീന്‍ ഇസ്രായേല്‍ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ മാധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്ന ഖത്തറിനു നേരെ നടന്ന അക്രമണത്തെ ലോകരാഷ്ട്രങ്ങളും ഐക്യ രാഷ്ട്ര സഭയും ശക്തമായി അപലപിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കള്‍ക്കെതിരെയാണ് ദോഹയിലെ കെട്ടിടത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുള്ളത്. സമാധാന ശ്രമങ്ങള്‍ക്ക് തടയിടുന്ന വിധത്തിലുള്ള ഇസ്രായേല്‍ അക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തര്‍ അപലപിച്ചു.
അതേസമയം, ചൊവ്വാഴ്ചത്തെ ഇസ്രായേലിന്റെ നടപടികള്‍ യു.എസ് സമര്‍പ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ തടസ്സപ്പെടുത്തുകയും ഗള്‍ഫ് രാജ്യത്തിന്റെ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പറഞ്ഞു. ഈ യുദ്ധം തടയാന്‍ ഖത്തര്‍ കഴിയുന്നതെല്ലാം ചെയ്യും. എന്നാല്‍ അത്തരം ആക്രമണങ്ങള്‍ കാണുമ്പോള്‍ ഇപ്പോള്‍ സാധുതയുള്ള ഒന്നും തന്നെയില്ലെന്ന് ഞാന്‍ കരുതുന്നു- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇസ്രായേല്‍ പോലുള്ള ഒരു രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെയോ പക്ഷം പിടിക്കുന്നതിനെയോ അടിസ്ഥാനമാക്കിയല്ല ഖത്തര്‍ നയതന്ത്രം കെട്ടിപ്പടുത്തിരിക്കുന്നത്. അത് പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആക്രമണങ്ങളെക്കുറിച്ച് ഖത്തര്‍ സഹോദര രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഭാവി നടപടികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."