നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
ഡൽഹി: നേപ്പാളിൽ ജെൻസി പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന് നേപ്പാൾ സൈന്യം. സമാധാന ശ്രമങ്ങൾക്കുള്ള ചർച്ചകൾക്ക് രാഷ്ട്രീയ നേതൃത്വം പ്രക്ഷോഭകാരികളും തയ്യാറാകണമെന്നാണ് സൈന്യം ആഹ്വാനം ചെയ്തത്. അതേസമയം നേപ്പാളിലെ സ്ഥിതിഗതികൾ ഇന്ത്യ വിലയിരുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രത്യേകം മന്ത്രിസഭായോഗം ചേർന്നിട്ടുണ്ട്. ഈ ആക്രമം ഹൃദയഭേദകമാണെന്നും നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടമായത് വേദനാജനകമാണെന്നും ആണ് പ്രധാന മന്ത്രി എക്സിൽ കുറിച്ചത്.
ജെൻസി പ്രക്ഷോഭകാരികൾ കഴിഞ്ഞദിവസം നേപ്പാൾ മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീടിനും പാർലമെന്റ് മന്ദിരത്തിനും സുപ്രീംകോടതിക്കും തീയിട്ടിരുന്നു. മുൻ പ്രധാനമന്ത്രിയുടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കാർ വെന്തു മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ്, വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയമായ 26 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനു പിന്നാലെയായിരുന്നു ഈ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്ട്രേഷൻ പൂർത്തിയാകാത്ത സാമൂഹ്യ മാധ്യമങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നായിരുന്നു സർക്കാർ വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."