യുഎസിനെ അറിയിച്ചത് അവസാന നിമിഷം; ഖത്തറിന് വിവരം കൈമാറുമ്പോഴേക്കും ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; ഉപയോഗിച്ചത് 10 ജെറ്റുകള്‍
ദോഹ: ഖത്തറില്‍ ഹമാസ് മധ്യസ്ഥ സംഘത്തെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ ആക്രമണം സംബന്ധിച്ച് യു.എസിനെ അറിയിച്ചത് അവസാന നിമിഷം. ഈ വിവരം യു.എസ് അധികൃതര്‍ ഖത്തറിന് കൈമാറുമ്പോഴേക്കും ദോഹയിലെ ജനവാസ കേന്ദ്രത്തില്‍നിന്ന് സ്‌ഫോടന ശബ്ദം ഉയര്‍ന്നിരുന്നതായും റിപ്പോര്‍ട്ട്. ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മിനുട്ടുകള്‍ക്ക് മുമ്പ് മാത്രമാണ് ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടം വിവരം വൈറ്റ് ഹൗസിനെ അറിയിച്ചതെന്ന് യു.എസ് ആസ്ഥാനമായ ദി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട്‌ചെയ്തത്. പത്തിലധികം ഇസ്രായേലി ജെറ്റുകള്‍ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടതായും ദോഹയിലെ ഹമാസ് നേതാക്കള്‍ ഉപയോഗിക്കുന്ന വീടിന് നേരെ ദീര്‍ഘദൂര ആയുധങ്ങള്‍ പ്രയോഗിച്ചതായും യുഎസ്, ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട്‌ചെയ്തു.
എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷം ഖത്തറിലേക്ക് മിസൈല്‍ വിക്ഷേപിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് ഇസ്രായേല്‍ യുഎസിനെ അറിയിച്ചതെന്നും എന്നാല്‍ അപ്പോഴും ആക്രമണത്തിന്റെ കൃത്യമായ സ്ഥാനം വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മിസൈല്‍ വിക്ഷേപണം അറിഞ്ഞ യുഎസ് സൈനിക ഉദ്യോഗസ്ഥര്‍, ഇസ്രായേലിന്റെ ലക്ഷ്യം ഊഹിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പരിഗണിക്കാന്‍ നിരവധി ഹമാസ് നേതാക്കള്‍ ദോഹയില്‍ ഒത്തുകൂടിയതായി ഇസ്രായേല്‍ മനസ്സിലാക്കിയിരുന്നു. ഈ സമയമാണ് ആക്രമണത്തിന് ഇസ്രായേല്‍ തിരഞ്ഞെടുത്തതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണ വിവരം മുന്‍കൂട്ടി അറിയിച്ചില്ലെന്ന ഖത്തറിന്റെ പ്രതികരണം ശരിവയ്ക്കുന്നതാണ് പുതിയ വിശദാംശങ്ങള്‍. യു.എസ് ഉദ്യോഗസ്ഥന്റെ കോള്‍ വരുമ്പോള്‍ സ്‌ഫോടനം നടക്കുകയായിരുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള വിവരം ഖത്തറിനെ മുന്‍കൂട്ടി അറിയിച്ചു എന്ന പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ദോഹയില്‍ ഇസ്രായേല്‍ ആക്രമണത്തെതുടര്‍ന്നുണ്ടായ സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതിനിടെയാണ് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ഫോണ്‍ വന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഖത്തറിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഖത്തര്‍ അമീറിനോടും പ്രധാനമന്ത്രിയോടും പ്രസിഡന്റ് സംസാരിക്കുകയും നമ്മുടെ രാജ്യത്തോടുള്ള പിന്തുണക്കും സൗഹൃദത്തിനും നന്ദി പറയുകയും ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 4.30ന് തലസ്ഥാനമായ ദോഹയിലെ ജനവാസ കേന്ദ്രത്തില്‍ ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഖത്തര്‍ സൈനികനടക്കം ആറുപേര്‍ മരിച്ചു. വടക്കന്‍ ദോഹയിലെ ലെഗ്തിഫിയ പരിസരത്തെ ഹമാസിന്റെ നേതാക്കള്‍ താമസിക്കാറുള്ള കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. ദോഹയിലെ ഹമാസ് നേതാക്കള്‍ ഉപയോഗിക്കുന്ന കെട്ടിടം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് വിവിധ രാജ്യങ്ങളുടെ എംബസികള്‍, സ്‌കൂളുകള്‍, ഓഫിസുകള്‍ എന്നിവയും സ്ഥിതിചെയ്യുന്നു.
നിലവില്‍ ഹമാസിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുന്‍നിര നേതാവായി കരുതുന്ന ഖാലിദ് മിശ്അല്‍, ഹമാസ് രാഷ്ട്രീയ കാര്യ ഉപമേധാവി ഖലീല്‍ അല്‍ ഹയ്യ, വെസ്റ്റ് ബാങ്കിലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ സഹീര്‍ ജബാരീന്‍ തുടങ്ങിയവരാണ് ഈ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. നേതാക്കള്‍ വധശ്രമത്തെ അതിജീവിച്ചതായും ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹുമാമും സഹായിയും മൂന്ന് അംഗരക്ഷകരും രക്തസാക്ഷിയായതായും ഹമാസ് നേതാവ് സുഹൈല്‍ അല്‍ ഹിന്ദ് അറിയിച്ചു. കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഖത്തര്‍ സൈനികനാണ് കൊല്ലപ്പെട്ട ആറാമത്തെയാള്‍.
Citing US and Israeli officials us based The Wall Street Journal said that more than 10 Israeli jets were involved in the operation and fired several long-range munitions at the house used by Hamas leaders in Doha. The WSJ added that Israel notified the US only “minutes” before launching missiles at Qatar, and even then, it did not specify the exact location of the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."