Israel Attack Qatar: ആക്രമണം ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് യു.എന്‍ രക്ഷാസമിതി; യു.എന്നിന് ശക്തമായ സന്ദേശം കൈമാറി ഖത്തര്‍
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാ സമിതി. അല്‍ജീരിയയുടെയും പാകിസ്താന്റെയും അഭ്യര്‍ത്ഥന മാനിച്ചാണ് ഈ വിഷയം ചര്‍ച്ചചെയ്യാന്‍ മാത്രമായി യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരുന്നത്.
ആക്രമണം സംബന്ധിച്ച് രക്ഷാസമിതിക്ക് ഖത്തര്‍ ഔദ്യോഗികമായി സന്ദേശം കൈമാറിയിട്ടുണ്ട്. ഇസ്രായേലിന്റെ ആക്രമണം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ സംഭവമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തെക്കുറിച്ച് ഞങ്ങള്‍ നിലവില്‍ ഉന്നതതലത്തില്‍ അന്വേഷണം നടത്തിവരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായാലുടന്‍ പ്രഖ്യാപിക്കും. ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും ഇസ്രായേലിന്റെ ഈ ആക്രമണാത്മക പെരുമാറ്റം ഞങ്ങള്‍ സഹിക്കില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ ആക്രമണം മേഖലയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ലക്ഷ്യമിടുന്ന ഒരു നടപടിയും ഞങ്ങള്‍ അംഗീകരിക്കില്ലെന്നും ഖത്തര്‍ യു.എന്നിനെ അറിയിച്ചിട്ടുണ്ട്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചിരുന്നു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും നഗ്‌നമായ ലംഘനം ആണെന്നാണ് യു.എന്‍ മേധാവി വിശേഷിപ്പിച്ചത്.
ഖത്തറിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
പ്രകോപമില്ലാതെയുള്ള ഇസ്‌റാഈലിന്റെ ആക്രമണത്തിനിരയായ ഖത്തറിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയാണെന്നും ഇസ്‌റാഈലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സഊദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് അറിയിച്ച സഊദി, ഇസ്‌റാഈലിന്റെ നീക്കം മേഖലയില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ആക്രമണത്തെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അപലപിച്ചു. നഗ്‌നവും ഭീരുത്വവുമായ പ്രവൃത്തിയാണെന്നാണ് യു.എ.ഇ ഇസ്‌റാഈല്‍ നടപടിയെ വിശേഷിപ്പിച്ചത്. പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിരുത്തരവാദപരമായ ആക്രമണമാണിതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ അപകടകരമായ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അങ്ങേയറ്റം അപകടകരവും ക്രിമിനല്‍ നടപടിയുമായ ഈ ആക്രമണം, എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും നഗ്‌നമായ ലംഘനവും പ്രദേശിക സമഗ്രതക്ക് നേരെയുള്ള കടന്നുകയറ്റവുമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി പറഞ്ഞു.
ഹീനമായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിക്കുന്നതായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) അറിയിച്ചു. വേണമെങ്കില്‍ ഇപ്പോള്‍ ഇടപെടണമെന്നും ഒന്നിച്ചു നിന്നില്ലെങ്കില്‍ ദോഹയിലുള്ളത് പോലെ എല്ലായിടത്തും സംഭവിക്കുമെന്നും അറബ് രാഷ്ട്രങ്ങളോട് ഹൂതികള്‍ ആവശ്യപ്പെട്ടു.
ആക്രമണത്തെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ അപലപിച്ചു
ദോഹയിലെ ഹമാസ് ചര്‍ച്ചാ സംഘത്തെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അപലപിച്ചു. ആക്രമണം ഖത്തറിന്റെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും ഖത്തറിന്റെ പരമാധികാരത്തിന്റെയും നഗ്‌നമായ ലംഘനമായ ഈ ആക്രമണം നമ്മുടെ സാഹോദര്യ രാഷ്ട്രമായ ഖത്തറിന്റെ സുരക്ഷയെയും സമാധാനത്തെയും ലക്ഷ്യമിട്ടാണ്. ഈ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു- ഉര്‍ദുഗാന്‍ പറഞ്ഞു.
ഖത്തറിന്റെ പവിത്രത, പരമാധികാരം, ദേശീയ സുരക്ഷ, പൗരന്മാരുടെ സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ടൂണിഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലിന്റെ വ്യോമാക്രമണം അന്താരാഷ്ട്ര നിയമത്തിന്റെയും നയതന്ത്ര, രാഷ്ട്രീയ മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ജോര്‍ദാന്‍ പറഞ്ഞു.
The UN Security Council will convene an emergency session, at the request of Algeria and Pakistan, to discuss Israel’s strikes on a residential compound in Doha. According to UN diplomatic sources, council members are expected to receive a briefing on Wednesday from senior UN officials on the latest developments and seriousness of the Israeli escalation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."