പ്രതിഷേധം തുടരുന്നു; വെള്ളം നല്‍കിത്തുടങ്ങി
ബംഗളൂരു: പ്രതിഷേധങ്ങള്‍ക്കിടെ സുപ്രിംകോടതി ഉത്തരവ് കണക്കിലെടുത്ത് കര്‍ണാടക തമിഴ്‌നാടിന് കാവേരി നദിയില്‍നിന്ന് വെള്ളം നല്‍കാന്‍ തുടങ്ങി. പ്രതിദിനം 15,000 ഘനയടി ജലമാണ് പത്തു ദിവസത്തേക്ക് വിട്ടു നല്‍കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് വെള്ളം വിട്ടു നല്‍കാന്‍ തുടങ്ങിയത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും തത്കാലം കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് ജലം വിട്ടുനല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാല്‍ വിധിക്കെതിരേ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും ഉന്നതതല യോഗത്തിന് ശേഷം അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ബംഗളൂരുവില്‍ സംയുക്ത പാര്‍ട്ടി യോഗത്തിനുശേഷമാണ് സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ മാണ്ഡ്യ ജില്ലയിലെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ബംഗളൂരു-മൈസൂരു ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാര്‍ പലയിടത്തും പൊലിസുമായി ഏറ്റുമുട്ടി.
ചിലയിടങ്ങളില്‍ ജനം ദേശീയ പാതയില്‍ അടുപ്പു കൂട്ടി ഭക്ഷണം പാകം ചെയ്തും പന്ത് കളിച്ചും പ്രതിഷേധിച്ചു. കാളവണ്ടികള്‍ റോഡില്‍ നിരത്തിയും പ്രതിഷേധം നടന്നു. കൃഷ്ണരാജ സാഗര്‍ അണക്കെട്ടിന് കനത്ത സുരക്ഷയാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാളെ കര്‍ണാടക ബന്ദിന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."