മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
മുംബൈ: കൊളാബയിലെ നേവി നഗറിലെ ഉയർന്ന സുരക്ഷാ മേഖലയിൽ നിന്ന് ഒരു ഇൻസാസ് റൈഫിളും 40 റൗണ്ട് വെടിയുണ്ടകളും മോഷ്ടിച്ച കേസിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് സഹോദരന്മാരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാകേഷ് ദുബല്ല (22), ഉമേഷ് ദുബല്ല (25) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 6-ന് നേവി നഗറിൽ സെൻട്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നാവികന്റെ റൈഫിൾ കാണാതായതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ, പ്രതികളിൽ ഒരാൾ നാവികസേനയുടെ യൂണിഫോം ധരിച്ച് ക്വിക്ക് റെസ്‌പോൺസ് ടീം (QRT) അംഗമായി വേഷംമാറി, "ഓറഞ്ച് അലേർട്ട്" ഉണ്ടെന്ന് പറഞ്ഞ് നാവികനെ കബിളിപ്പിച്ച് റൈഫിളും വെടിക്കോപ്പുകളും കൈയിലാക്കിയതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, ആയുധം കോമ്പൗണ്ട് മതിലിന് മുകളിലൂടെ പുറത്ത് കാത്തുനിന്ന സഹോദരന് എറിഞ്ഞുകൊടുത്തതായി കണ്ടെത്തി. തുടർന്ന് ഇരുവരും പൂനെ വഴി തെലങ്കാനയിലേക്ക് ട്രെയിനിൽ രക്ഷപ്പെട്ടു.
"ഈ മോഷണം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതാണ്. മോഷണം നടത്തിയ ഉടൻ പ്രതികൾ രക്ഷപ്പെട്ടു. സാങ്കേതികവിദ്യയുടെയും മനുഷ്യ ഇന്റലിജൻസിന്റെയും സഹായത്തോടെ അവരുടെ നീക്കങ്ങൾ ട്രാക്ക് ചെയ്താണ് അറസ്റ്റ് ചെയ്തതെന്ന്," ക്രൈം ബ്രാഞ്ച് ഡിസിപി രാജ് തിലക് റോഷൻ പറഞ്ഞു.
നാല് ദിവസത്തെ തീവ്രമായ അന്വേഷണത്തിനൊടുവിൽ, ഒമ്പത് പൊലിസ് സംഘങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഓപ്പറേഷനിലാണ് ആസിഫാബാദ് ജില്ലയിൽ നിന്ന് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ നാവികസേനയിൽ അഗ്നിവീർ ആയി സേവനമനുഷ്ഠിക്കുന്നയാളാണ്, ഇത് മോഷ്ടിച്ച ഗൗരവം ഉയർത്തുന്നുണ്ട്. മോഷ്ടിച്ച റൈഫിളും 40 വെടിയുണ്ടകളും ഒരു കാലിയായ മാഗസിനും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
മോഷണത്തിന്റെ ഉദ്ദേശവും പ്രതികൾക്ക് തീവ്രവാദ ശൃംഖലകളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കാൻ പൊലിസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ആസിഫാബാദ് മേഖലയിൽ മുമ്പ് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ, എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുടക്കത്തിൽ മോഷണക്കുറ്റം ചുമത്തിയെങ്കിലും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ആയുധ നിയമപ്രകാരമുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സുരക്ഷാ മേഖലയിൽ നിന്ന് ആയുധവുമായി രക്ഷപ്പെടാൻ അനുവദിച്ച നടപടിക്രമ പിഴവുകൾ കണ്ടെത്താൻ നാവികസേന ഒരു അന്വേഷണ ബോർഡിന് ഉത്തരവിട്ടിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) എന്നിവരുംഅന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."