വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം (Primary Amoebic Meningoencephalitis) വീണ്ടും റിപ്പോർട്ട് ചെയ്തു. രാമനാട്ടുകര സ്വദേശിനിയായ 30-വയസ്സുകാരിക്കും മലപ്പുറം സ്വദേശിനിയായ ഒരു പെൺകുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒരു ദിവസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരിക്കുകയാണ്.
30-വയസ്സുകാരി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് യുവതിയുടെ ഫലം പോസിറ്റീവായത്. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയുടെ രോഗവും മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി പെൺകുട്ടിയുടെ സ്രവ സാമ്പിൾ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇയാൾ വെന്റിലേറ്ററിൽ തുടരുകയാണ്. ചികിത്സയിലുള്ളവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു: മലപ്പുറം സ്വദേശികളായ 11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആൺകുട്ടിയും. ഒരാൾ ഒഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
ഈ വർഷം ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഏഴ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ താമരശ്ശേരി സ്വദേശിനിയായ 9 വയസ്സുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കഴിഞ്ഞ ദിവസം രോഗം ഭേദമായതിനെ തുടർന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ ആശുപത്രി വിട്ടിരുന്നു. നിലവിൽ രണ്ട് കുട്ടികളാണ് ചികിത്സയിൽ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."