അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി
ന്യൂഡൽഹി: അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ കാനഡ, ഒരു ദശാബ്ദത്തിനിടെ ഏറ്റവും കർശനമായ വിസാ നയങ്ങൾ നടപ്പാക്കിയതോടെ, ഇന്ത്യൻ വിദ്യാർഥികളുടെ 80 ശതമാനം വിസ അപേക്ഷകളും 2025-ൽ നിരസിക്കപ്പെട്ടു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി)യുടെ കണക്കുകൾ പ്രകാരം, 2025-ന്റെ രണ്ടാം പാദത്തിൽ അഞ്ചിൽ നാല് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകൾ തള്ളപ്പെട്ടതായി എജ്യുക്കേഷൻ ഔട്ട്‌ലെറ്റായ ദ പൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്. 2024-ൽ 1.88 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾക്ക് പഠനാനുമതി ലഭിച്ചിരുന്നു, ഇത് 2022-നെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. എന്നാൽ, പുതിയ വിസാ നിയന്ത്രണങ്ങൾ ഏഷ്യ, ആഫ്രിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ബാധിച്ചതായി ദ പൈ ന്യൂസ് ചൂണ്ടിക്കാട്ടുന്നു. ഇത് കാനഡയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സമീപനത്തിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നു.
ദശാബ്ദങ്ങളായി സുരക്ഷ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവകൊണ്ട് വിദ്യാർഥികളുടെ ഇഷ്ട രാജ്യമായിരുന്ന കാനഡ ഇന്ത്യൻ വിദ്യാർഥികൾക്കിടയിലെ മുൻഗണന 2022-ലെ 18 ശതമാനത്തിൽ നിന്ന് 2024-ൽ 9 ശതമാനമായി കുറഞ്ഞു. അതേസമയം, 31 ശതമാനം മുൻഗണനയോടെ ജർമനി ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഒന്നാമതെത്തിയിരിക്കുകയാണ്.
പാർപ്പിട പ്രതിസന്ധി, അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികൾ, പ്രാദേശിക പ്രതിഭകൾക്ക് മുൻഗണന നൽകണമെന്ന രാഷ്ട്രീയ ആവശ്യങ്ങൾ എന്നിവ കാരണമാണ് കാനഡ വിസാ നയങ്ങൾ കർശനമാക്കിയത്. "ഐആർസിസി അപേക്ഷകളെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്," ബോർഡർപാസ് വൈസ് പ്രസിഡന്റ് ജോനാഥൻ ഷെർമാൻ ദ പൈ ന്യൂസിനോട് പറഞ്ഞു.
വിദ്യാർഥികൾക്ക് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. വിഎൻഎക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, വിദ്യാർഥി വിസയ്ക്ക് ആവശ്യമായ സാമ്പത്തിക രേഖയുടെ മിനിമം തുക തുക ഏകദേശം 13.13 ലക്ഷം രൂപയാക്കി വർദിപ്പിച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള തൊഴിൽ നിയന്ത്രണങ്ങളും കർശനമാക്കി. 2025-ൽ 4.37 ലക്ഷം പഠനാനുമതികൾ മാത്രമേ നൽകൂ എന്നാണ് കാനഡയുടെ പദ്ധതി, ഇത് 2024-നെക്കാൾ 10 ശതമാനം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."