പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പാലക്കാട്: പിണങ്ങി സ്വന്തം വീട്ടിലെത്തിയ ഭാര്യയെ ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോയതിന് പിന്നാലെ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (32) യാണ് മരിച്ചത്. കഴിഞ്ഞദിവസം ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപ് എത്തി തിരികെ കൊണ്ടുപോയിരുന്നു. പിറ്റേന്നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, മീരയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലിസ് പറഞ്ഞു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയാണെന്നാണ് വിവരമെന്ന് ഹേമാംബികനഗര്‍ പൊലിസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നെന്നും ഇയാള്‍ മീരയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപുമായി പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ അന്നുതന്നെ തിരികെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ ഹേമാംബിക നഗര്‍ പൊലിസ് സ്റ്റേഷനില്‍ നിന്നാണ് മീര ആത്മഹത്യ ചെയ്തുവെന്ന് ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
ബുധനാഴ്ച്ച രാവിലെ ആറുമണിയോടെ അടുക്കളയ്ക്ക അടുത്തുള്ള വര്‍ക്ക് ഏരിയയിലെ സീലിങില്‍ ചുരിദാറിന്റെ ഷാളില്‍ തൂങ്ങിയ നിലയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. അനൂപും അമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മീരയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇതിന് മുന്‍പ് അനൂപ് മീരയെ മര്‍ദ്ദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനിരിക്കെയാണ് അനൂപ് പിണക്കം അവസാനിപ്പിക്കാനായി എത്തിയത്.
മീരയുടെ രണ്ടാം വിവാഹമാണിത്. ആദ്യത്തെ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമാണിത്. അനൂപിനെതിരേ മീരയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."