അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
തിരുവനന്തപുരം: അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മരണപ്പെട്ട കൊട്ടാക്കര സ്വദേശി ഐസക്കിന്റെ ഹൃദയം, മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. അങ്കമാലി സ്വദേശി അജിൻ ഏലിയാസ് എന്ന വ്യക്തിക്കാണ് ഈ ഹൃദയം മാറ്റിവെക്കുക.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്ത ഹൃദയം ആംബുലൻസിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഹൃദയം എത്തിച്ചു. കേവലം 6 മിനുട്ടാണ് ഇതിനായി എടുത്തത്. പൊലിസിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇവിടെ നിന്ന് ആംബുലൻസിൽ എറണാകുളത്തേക്കു കൊണ്ടുപോയി.
കൊച്ചിയിൽ ഹയാത്ത് ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കി ശേഷം ഹൃദയം ആംബുലൻസിൽ ലിസി ആശുപത്രിയിൽ എത്തിക്കും. ലിസി ആശുപത്രിയിലാണ് ഹൃദയം മാറ്റിവെക്കേണ്ട 28കാരനായ അജിൻ ഏലിയാസ് ചികിത്സയിലുള്ളത്. ഇവിടെ ഹൃദയം എത്തുന്നതോടെ അത് മാറ്റിവെക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബൈക്കിടിച്ച് ഹോട്ടൽ ഉടമയായ ഐസക്കിനു പരുക്കേറ്റത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവങ്ങൾ ദാനം ചെയ്യാൻ ഐസക് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഹൃദയം, വൃക്കകൾ, കരൾ, കോർണിയ എന്നിവ ദാനം ചെയ്യാൻ കുടുംബം സമ്മതം നൽകിയതോടെയാണ് ചികിത്സയിലുള്ള ആറ് പേർക്ക് പുതുജീവൻ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."