കടല്‍ക്കൊല: ഉറപ്പുകളൊന്നും നല്‍കിയില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഞായറാഴ്ച സുഷമാ സ്വരാജ് ഇറ്റലിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് യാതൊരു ഉറപ്പുകളും കൈമാറിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സ്ഥിരമായി നാട്ടില്‍ തങ്ങാന്‍ അനുവദിക്കുകയാണെങ്കില്‍ അത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ഇറ്റലി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള വാഗ്ദാനങ്ങളോ ഉറപ്പുകളോ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരായ സുഷമാസ്വരാജും പൗലോ ഗെന്റിലോണിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കടല്‍ക്കൊല സംബന്ധിച്ച തര്‍ക്കം അന്താരാഷ്ട്ര കോടതിയിലെത്തിയിരിക്കെ ആദ്യമായാണ് ഇന്ത്യന്‍ മന്ത്രി ഇറ്റലിയിലെത്തുന്നത്. മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുഷമ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയെ കണ്ടത്.
കൂടിക്കാഴ്ചയില്‍ രണ്ടുനാവികരെയും ഇറ്റലിയില്‍ തന്നെ തങ്ങാന്‍ അനുവദിക്കണമെന്നും പകരം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താമെന്നും ഇറ്റലി അറിയിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ചു പ്രമുഖ ദേശീയ പത്രം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു.
എന്നാല്‍, റിപ്പോര്‍ട്ട് നിഷേധിച്ച വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും നിലവില്‍ സുപ്രികോടതിയില്‍ നടക്കുന്ന കേസില്‍ നാവികരെ വിചാരണചെയ്യുമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തൊറെ ജിറോണിന് നാട്ടിലേക്കു പോകാന്‍ ഇക്കഴിഞ്ഞ മെയില്‍ സുപ്രിംകോടതി അനുവദിച്ചിരുന്നു. മറ്റൊരു പ്രതി മാസിമിലാനോ ലത്തോറെ 2014 സെപ്റ്റംബര്‍ മുതല്‍ നാട്ടിലാണ്. ചികില്‍സയ്ക്കു പോയ അദ്ദേഹത്തിന് ഈ മാസം 30 വരെ ഇറ്റലിയില്‍ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ തങ്ങാനുള്ള കാലാവധി അവസാനിച്ചിരുന്നുവെങ്കിലും പലതവണയായി അതു നീട്ടി നല്‍കുകയായിരുന്നു. ഇരുവര്‍ക്കുമെതിരായ ക്രിമിനല്‍ നടപടികള്‍ നേരത്തെ സുപ്രിംകോടതി നിര്‍ത്തിവക്കുകയും ചെയ്തിരുന്നു. രണ്ടുനാവികരുടേയും മടക്കത്തെത്തുടര്‍ന്ന് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം (എം.ടി.സി.ആര്‍) അംഗത്വത്തിന് ഇന്ത്യക്ക് ഇറ്റലി പിന്തുണ നല്‍കുകയുണ്ടായി. എന്നാല്‍, ആണവവിതരണ സംഘത്തി(എന്‍.എസ്.ജി)ലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇറ്റലി ഇതുവരെ പിന്തുണച്ചിട്ടില്ല.
2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണീസ് ബോട്ടിന് നേരെ നാവികര്‍ നടത്തിയ വെടിവയ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് ബിങ്കി എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."