ഇന്ത്യയുടെ 15ാം ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലി കൊടുക്കുക. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും.
തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ് സിപി രാധാകൃഷ്ണൻ. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനായിരുന്ന ഇദ്ദേഹം ആർഎസ്എസിലൂടെയാണ് സംഘടനാ പ്രവർത്തനം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം. കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് ജാർഖണ്ഡിന്റെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഗവർണർ ആയിരിക്കുന്ന സമയത്താണ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി ജസ്റ്റിസ് ഡി സുദർശൻ റെഡ്ഢിയെ മറികടന്നുകൊണ്ടാണ് രാധാകൃഷ്ണൻ വിജയിച്ചത്. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗദീപ് ധൻകർ രാജിവച്ചതിന് പിന്നാലെയാണ് പുതിയ ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."