ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ
മലപ്പുറം: 2026ലെ ഹജ്ജ് തീർഥാടനത്തിന് രാജ്യത്ത് ഏറ്റവും കുറവ് വിമാനസർവിസുകളുള്ളത് കരിപ്പൂർ അടക്കം നാലു വിമാനത്താവളങ്ങളിൽ. 920 സീറ്റുകളാണ് കരിപ്പൂരിൽ ലഭ്യമാവുക. വിജയവാഡ (388), ഇൻഡോർ(346), ഗയ(146) എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് കരിപ്പൂരിനേക്കാളും കുറവ് തീർഥാടകർ യാത്രതിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് ഷോർട്ട് ഹജ്ജ് സർവിസിൽ 979 തീർഥാടകരടക്കം 7936 പേരാണ് പരിശുദ്ധ ഹജ്ജിനായി പുറപ്പെടുന്നത്. കണ്ണൂരിൽ നിന്ന് 4299 തീർഥാടകരും യാത്ര തിരിക്കും. ഹജ്ജ് നിരക്ക് തുടർച്ചയായി രണ്ട് വർഷങ്ങളിലും എയർഇന്ത്യ എക്്സ്്പ്രസ് ഉയർത്തിയതാണ് കരിപ്പൂരിൽ തീർഥാടകർ കുറയാൻ കാരണം. 2025ലെ ഹജ്ജിന് എയർ ഇന്ത്യ എക്സ്പ്രസ് മറ്റു വിമാനത്താവളങ്ങളേക്കാൾ 40,000 രൂപയാണ് ടിക്കറ്റ് നിരക്കിൽ കരിപ്പൂരിൽ അധികം ഈടാക്കിയത്.
2024ൽ 36,000 രൂപയാണ് വിമാന കമ്പനി കൂടുതൽ ഈടാക്കിയിരുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ടെൻഡർ ഏറ്റെടുത്തിരുന്നത്. കൊവിഡിന് മുമ്പുവരെ പതിനായിരത്തോളം തീർഥാടകർ ആണ് വർഷം തോറും കരിപ്പൂരിൽനിന്ന് ഹജ്ജിന് പോയിരുന്നത്. ഇന്ത്യയിൽ 2026 ഹജ്ജിന് ഏറ്റവും കൂടുതൽ തീർഥാടകർ പുറപ്പെടുന്നത് മുംബൈയിൽ നിന്നാണ്. 26,366 തീർഥാടകരാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."