പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
മുംബൈ: ഗുജറാത്തിലെ കാണ്ട്‌ലയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ചക്രം ടേക്ക് ഓഫിനിടെ ഊരിപ്പോയി. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ മുന്നിലെ ചക്രമാണ് പറന്നുയരുന്നതിനിടെ ഊരിവീണത്. എന്നാൽ യാത്ര തുടർന്ന വിമാനം സുരക്ഷിതമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. 75 പേരുമായി പറന്ന സ്പൈസ് ജെറ്റ് ബോംബാർഡിയർ ക്യു 400 വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
കാണ്ട്ല എയർ ട്രാഫിക് കൺട്രോൾ (എടിസി) വിമാനത്തിൽ നിന്ന് ഒരു വസ്തു വീഴുന്നത് കണ്ടപ്പോൾ തന്നെ വിമാനം ആകാശത്ത് പറന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചക്രം ഊരിപ്പോവുന്നതിന്റെ വീഡിയോ വിമാനത്തിലെ ഒരു യാത്രക്കാരൻ പകർത്തി. "ചക്രം വീണു," എന്ന് വിമാനം പറന്നുയരാൻ തുടങ്ങുമ്പോൾ അദ്ദേഹം ആവർത്തിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാമായിരുന്നു.
പറന്നുയർന്നതിന് ശേഷം Q400 ടർബോപ്രോപ്പ് വിമാനത്തിന്റെ ഒരു പുറം ചക്രം റൺവേയിൽ കണ്ടെത്തിയതായി എയർലൈൻ അറിയിച്ചു. മുംബൈയിൽ ടേക്ക് ഓഫും ലാൻഡിംഗും സുരക്ഷിതമായി നടത്തി. ഉച്ചകഴിഞ്ഞ് 3.51 ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. മുൻകരുതൽ എന്ന നിലയിൽ മുംബൈ വിമാനത്താവളത്തിൽ താൽക്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുംബൈ വിമാനത്താവളത്തിൽ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും അതീവ ജാഗ്രതയിലായിരുന്നു.
വിമാനം റൺവേ 27 ൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. താമസിയാതെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു - ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."