സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
ന്യൂഡൽഹി: സുപ്രിംകോടതിയുടെ അതീവ സുരക്ഷാ മേഖല പരിധിക്കുള്ളിൽ ഫോട്ടോഗ്രാഫി, സോഷ്യൽ മീഡിയ റീലുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കുന്നത് നിരോധിച്ചു. അഭിഭാഷക സംഘടനകൾ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ലഭിച്ച ആവർത്തിച്ചുള്ള പരാതികൾ പരിഗണിച്ചാണ് കോടതിയുടെ സർക്കുലർ. സുപ്രിം കോടതി സെക്രട്ടറി ജനറലാണ് അടിയന്തര പ്രാധാന്യത്തോടെ സർക്കുലർ ഇറക്കിയത്.
ഹൈ സെക്യൂരിറ്റി സോൺ മേഖലയിൽ ഔദ്യോഗിക ഉപയോഗത്തിനൊഴികെ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. വീഡിയോഗ്രാഫി, റീലുകൾ സൃഷ്ടിക്കൽ, ഫോട്ടോഗ്രാഫുകൾ എടുക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ക്യാമറ, ട്രൈപോഡ്, സെൽഫി-സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾ ഹൈ സെക്യൂരിറ്റി സോണിൽ നിയന്ത്രിക്കുമെന്നും സർക്കുലറിൽ പറയുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ ഒരു അഭിഭാഷകനോ, ഹരജിക്കാരനോ, ഇന്റേണോ, ക്ലാർക്കോ ലംഘിച്ചാൽ ബന്ധപ്പെട്ട ബാർ അസോസിയേഷനോ അല്ലെങ്കിൽ ബന്ധപ്പെട്ട ബാർ കൗൺസിലോ അവരുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിയമലംഘകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, കുറഞ്ഞ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന കോമ്പൗണ്ടിന്റെ പുറം ഗേറ്റുകളോട് ചേർന്നുള്ള പുൽത്തകിടികളിൽ മാധ്യമ പ്രവർത്തകർക്ക് അഭിമുഖങ്ങൾ നടത്താനും വാർത്തകളുടെ തത്സമയ സംപ്രേക്ഷണം നടത്താനും സാധിക്കുമെന്നും സർക്കുലർ ആവശ്യപ്പെട്ടു. എന്നാൽ സുപ്രിംകോടതിയുടെ ഉയർന്ന സുരക്ഷാ മേഖലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരു മാധ്യമപ്രവർത്തകൻ ലംഘിച്ചാൽ, ഉയർന്ന സുരക്ഷാ മേഖലയിലേക്കുള്ള അവരുടെ പ്രവേശനം ഒരു മാസത്തേക്ക് വിലക്കുമെന്നും സർക്കുലറിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."