ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം. 29 പേർക്ക് പരുക്കേറ്റു. അഞ്ചുപേർ സംഭവസ്ഥലത്ത് വെച്ചും നാലുപേർ ആശുപത്രിയിലും മരിച്ചു. പരുക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഭുവനേശ്വർ അറസ്റ്റിലായി.
ഇന്നലെ രാത്രി തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. ഗണേശ നിമജ്ജന ഘോഷയാത്രയിൽ ആഘോഷമായി പോകുന്നവർക്ക് ഇടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു. ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡിജെ ഡാൻസ് ഉണ്ടായിരുന്നു. ഇതിനൊപ്പം റോഡിലൂടെ ആളുകൾ ഡാൻസ് കളിച്ച് പോകുന്നതിനിടെയാണ് അപകടം. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറയത്. റോഡിലൂടെ അശ്രദ്ധമായി വന്ന ബൈക്കുകാരനെ രക്ഷിക്കാൻ വേണ്ടി വണ്ടി വെട്ടിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ആളുകൾക്ക് ഇടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൻറെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
മരിച്ച ഒമ്പത് പേരിൽ നാലുപേർ വിദ്യാർഥികളാണ്. മൊസലെ ഹൊസഹള്ളി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളായ പ്രവീൺ, ജെമിനി, സുരേഷ്, മിഥുൻ എന്നിവരാണ് മരിച്ച വിദ്യാർഥികൾ. പരുക്കേറ്റ് ചികിത്സായിലുള്ള 29 പേരിൽ 15 പേരും വിദ്യാർഥികളാണ്.
സംഭവത്തിൽ ട്രക്ക് ഡ്രൈവർ ഭുവനേശ്വറിനെ പൊലിസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു എന്ന സംശയിക്കുന്നുണ്ട്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിനിടെ, അപകടത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. അപകടം ഹൃദയഭേദകം എന്ന് പറഞ്ഞ നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കർണാടക സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും എന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."