നെയ്മറുടെ മികവില്‍ ബ്രസീല്‍
മാണ്ടിവീഡിയോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ ബ്രസീലും ഉറുഗ്വെയും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങി. മറ്റു മത്സരങ്ങളില്‍ അര്‍ജന്റീന, ചിലി, ഫ്രാന്‍സ്, ഹോളണ്ട് എന്നിവരും സമനിലയില്‍ കുരുങ്ങി.
കൊളംബിയക്കെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോവുകയായിരുന്ന മത്സരത്തില്‍ നെയ്മര്‍ നേടിയ ഗോളാണ് ബ്രസീലിനെ വിജയത്തിലേക്ക് നയിച്ചത്. പുതിയ കോച്ചിന് കീഴില്‍ ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇത്. ബ്രസീലിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടില്‍ തന്നെ ടീം ഗോള്‍ നേടി. നെയ്മറെടുത്ത കോര്‍ണറില്‍ ഗംഭീരമായൊരു ഹെഡ്ഡറിലൂടെ മിറാന്‍ഡ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. 14ാം മിനുട്ടില്‍ നെയ്മറിന് ലീഡ് വര്‍ധിപ്പിക്കാന്‍ അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഫ്രീകിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
തുടര്‍ച്ചയായി ബ്രസീലിന്റെ ആക്രമണങ്ങള്‍ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഓസ്പിന സേവ് ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായിട്ടാണ് ബ്രസീല്‍ ഗോള്‍ വഴങ്ങിയത്. 36ാം മിനുട്ടില്‍ ജെയിംസ് റോഡ്രിഗസിന്റെ അപകടകരമായ ഫ്രീകിക്ക് സേവ് ചെയ്യുന്നതിനിടെ ബ്രസീല്‍ താരം മാര്‍ക്വിനോസിന്റെ ഹെഡ്ഡര്‍ വലയില്‍ കയറുകയായിരുന്നു.
ഇതോടെ സ്‌കോര്‍ സമനിലയിലായി. രണ്ടാം പകുതിയില്‍ കൊളംബിയ നന്നായി തുടങ്ങിയെങ്കിലും ഫിനിഷ് പോരായ്മ തിരിച്ചടിയായി. മറുവശത്ത് ബ്രസീലും അവസരങ്ങള്‍ തുലച്ചതോടെ മത്സരം സമനിലയാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും 74ാം മിനുട്ടില്‍ കുട്ടീഞ്ഞോയുടെ പാസില്‍ നിന്ന് നെയ്മര്‍ ടീമിന്റെ വിജയഗോള്‍ നേടുകയായിരുന്നു.
പരാഗ്വെയെ എതിരില്ലാത്ത നാലു ഗോളിനാണ് ഉറുഗ്വെ തകര്‍ത്തത്. എഡിന്‍സന്‍ കവാനി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസ്, ലൂയിസ് റോഡ്രിഗസ് എന്നിവര്‍ ശേഷിച്ച ഗോള്‍ സ്വന്തമാക്കി. കവാനിയുടെ ഇരട്ടഗോളുകള്‍ക്ക് വഴിയൊരുക്കിയത് സുവാരസിന്റെ പാസുകളാണ്. ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ നേടാന്‍ ഉറുഗ്വെയ്ക്ക് സാധിച്ചിരുന്നു.
മറ്റു മത്സരങ്ങളില്‍ വമ്പന്‍മാരായ ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളിന് സൈപ്രസിനെയും ഗ്രീസ് ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെയും പെറു ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇക്വഡോറിനെയും അമേരിക്ക എതിരില്ലാത്ത നാലു ഗോളിന്ാ അമേരിക്കയെയും കോസ്റ്റ റിക്ക ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പനാമയെയും പരാജയപ്പെടുത്തി.
വിജയം പ്രതീക്ഷിച്ചിറങ്ങിയ അര്‍ജന്റീനയെ 2-2ന് വെനസ്വലയാണ് സമനിലയില്‍ കുരുക്കിയത്.സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സമനില പിടിച്ചത്. യുവാന്‍ അനോര്‍, ജോസഫ് മാര്‍ട്ടിനസ് എന്നിവര്‍ ഗോള്‍ നേടി വെനസ്വലയെ മുന്നിലെത്തിച്ചെങ്കിലും ലൂക്കാസ് പ്രാറ്റോ, നിക്കോളാസ് ഒഡാമെന്‍ഡി എന്നിവരുടെ മികവില്‍ സമനില പിടിക്കുകയായിരുന്നു അര്‍ജന്റീന. മറ്റൊരു മത്സരത്തില്‍ കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലിയെ ബൊളീവിയ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. വമ്പന്‍ താരങ്ങളുണ്ടായിട്ടും ബൊളീവിയക്കെതിരേ മികവിലേക്കുയരാന്‍ ചിലിക്ക് സാധിച്ചില്ല. യൂറോ കപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സിനെ ബെലാറസ് ഗോള്‍ രഹിത സമനിലയിലും ഹോളണ്ടിനെ 1-1ന് സ്വീഡനുമാണ് സമനിലയില്‍ കുരുക്കിയത്. ഏറെ പ്രതീക്ഷയുമായിറങ്ങിയ മെക്‌സിക്കോയെ ഹോണ്ടുറാസ് ഗോള്‍ രഹിത സമനിലയില്‍ കുരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."