'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: സിപിഎമ്മിനേയും മുഖ്യമന്ത്രിയെയും പൊലിസിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം നേതാക്കൾക്ക് എതിരെയുള്ള ഡിവൈഎഫ്ഐ ശബ്ദരേഖയിൽ ഉള്ളത് ഗൗരവമായ വെളിപ്പെടുത്തലാണ്. സിപിഎം നേതാക്കൾ സാധാരണക്കാരുടെ പണം കൊള്ളയടിക്കുകകയാണ് എന്നും വി.ഡി സതീശൻ പറഞ്ഞു. കവർച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോൺഗ്രസല്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്‌യു പ്രവർത്തകരെ തലയിൽ തുണിയിട്ട് കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കി സംഭവത്തിലാണ് പൊലിസിനും മുഖ്യമന്ത്രിക്കുമെതിരെ സതീശൻ രൂക്ഷ വിമർശനം ഉയർത്തിയത്. പാവപ്പെട്ട പിള്ളേരെ കള്ളക്കേസിൽ കുടുക്കി തലയിൽ തുണിയിട്ട് കൊണ്ടുവന്നു. ചില പോലീസ് ഉദ്യോഗസ്ഥർ രാജാവിനെക്കാൾ വലിയ രാജഭക്തിക്കാണിക്കുന്നു. പണ്ടത്തെ പോലെ എല്ലാം ഞങ്ങൾ പൊറുക്കുമെന്ന് കരുതേണ്ട. ഇനി എല്ലാം ഞങ്ങൾ ഓർത്തുവെക്കും. ചെവിയിൽ നുള്ളിക്കോ. വൃത്തികേട് കാണിക്കുന്ന പൊലിസുകാർ യൂണിഫോമിട്ട് കേരളത്തിലൂടെ നടത്തിക്കില്ല. ഇതിനെല്ലാം മറുപടി പറയിക്കും - വി.ഡി സതീശൻ പറഞ്ഞു.
പൊലിസിന്റെ നടപടികൾ കണ്ടിട്ട് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണിൽ മുഖം താഴ്ത്തി ഇരിക്കുന്നു. കെഎസ്‌യു നേതാക്കളെ തിവ്രവാദികളെ പോലെ മുഖം മൂടി അണിയിച്ചതിൽ ഉൾപ്പെടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. പൊലിസിനെ തകർത്ത് തരിപ്പണമാക്കിയെന്നും മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."