അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍.
അക്രമകാരിയായ മൃഗത്തെ മനുഷ്യജീവന് ഭീഷണിയാണെങ്കില്‍ പോലും കാമറ സ്ഥാപിച്ച് നിരീക്ഷിച്ച് ജീവന് ഭീഷണിയാകാത്ത തരത്തില്‍ മയക്കുവെടി വച്ച് പിടിച്ച് മറ്റൊരിടത്ത് വിടണമെന്നാണ് നിലവിലെ കേന്ദ്ര നിയമം. എന്നാല്‍ അത്തരം മൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. കാട്ടുപന്നിയേയും കുരങ്ങിനേയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരവും ബില്ലിലുണ്ട്.
അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ അവതരിപ്പിക്കുമെങ്കിലും വലിയ കടമ്പകളാണ് മുന്നിലുള്ളത്. നിയമസഭ പാസാക്കിയാലും രാഷ്ട്രപതി അംഗീകരിച്ചാലേ നിയമമാകു. രണ്ടാം പിണറായി സര്‍ക്കാരിന്റ കാലത്ത് 178 പേരാണ് ഇതുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും മന്ത്രിസഭ അംഗീകരിച്ചു. അതേസമയം, വനം എക്കോ ടൂറിസം ബോര്‍ഡ് ബില്‍ മാറ്റിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."