തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ
ചെന്നൈ: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ് നടനും ടിവികെ പാർട്ടി നേതാവുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനത്തിന് തുടക്കമായി. തിരുച്ചിയിൽ നിന്നാണ് ടിവികെയുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ആരംഭിച്ചത്. അരിയലൂരിൽ ഒരു പൊതു റാലിയോടെയാണ് പ്രചാരണം ആരംഭിച്ചത്.
കർശനമായ നിബന്ധനകളോടെയാണ് റാലിക്ക് പൊലിസ് അനുമതി നൽകിയിരിക്കുന്നത്. റോഡ് ഷോകൾ, സ്വീകരണങ്ങൾ, വാഹനവ്യൂഹങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ 25 ഓളം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിജയ്‌യുടെ പ്രചാരണ ബസിനെ അഞ്ച് വാഹനങ്ങളിൽ കൂടുതൽ പിന്തുടരാൻ പാടില്ല. എല്ലാ പാർട്ടി പ്രവർത്തകരും രാവിലെ 11:25 ന് അരിയല്ലൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തണമെന്നും, പൊതുജന സുരക്ഷ ഉറപ്പാക്കാൻ പാർട്ടി തന്നെ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും പൊലിസ് നൽകിയ നിർദേശത്തിൽ പറയുന്നു.
അനധികൃത പ്രവേശനം തടയുന്നതിനായി നൂതന ക്യാമറകൾ, ലൗഡ്‌സ്പീക്കറുകൾ, സംരക്ഷിത ഇരുമ്പ് റെയിലിംഗുകൾ എന്നിവ ഘടിപ്പിച്ച പ്രത്യേകം രൂപകൽപ്പന ചെയ്ത ബസിലാണ് വിജയ് സഞ്ചരിക്കുക. 'നിങ്ങളുടെ വിജയ്, ഞാൻ പരാജയപ്പെടില്ല' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉൾക്കൊള്ളുന്ന പ്രചാരണ ലോഗോ ടിവികെ യാത്രക്കായി പുറത്തിറക്കിയിട്ടുണ്ട്.
വിക്രവണ്ടിയിലും മധുരയിലുമായി നേരത്തെ നടത്തിയ രണ്ട് സംസ്ഥാന സമ്മേളനങ്ങൾക്ക് ശേഷമാണ് വിജയ് റോഡ് ഷോയിലേക്ക് കടക്കുന്നത്. തിരുച്ചിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമുള്ള ടിവികെ പ്രവർത്തകർ രാവിലെ മുതൽ വേദിയിലേക്ക് പ്രവഹിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് വിജയ് ഉദ്‌ഘാടന വേദിയിലേക്ക് സഞ്ചരിക്കുന്ന വഴിയിലും കെട്ടിടങ്ങളുടെ മുകളിലും നിരവധി ആളുകൾ രാവിലെ മുതൽ കാത്തുനിൽക്കുകയാണ്.
നേരത്തെ, ടിവികെയുടെ പ്രത്യയശാസ്ത്ര ശത്രു ബിജെപിയാണെന്നും രാഷ്ട്രീയ ശത്രു ഡിഎംകെ ആണെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. അധികാര പങ്കിടലിന് തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നെങ്കിലും, ഇതുവരെയും ഏതെങ്കിലും പാർട്ടിയുമായി ഒരു സഖ്യം ഉണ്ടാക്കിയിട്ടില്ല. സിനിമ മേഖലയിൽ ഏറ്റവും നല്ല നിലയിൽ നിൽക്കുന്നതിനിടെയാണ് സിനിമ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."