മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
2021ലാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി ബാഴ്സലോണക്കൊപ്പമുള്ള തന്റെ ഐതിഹാസിക കരിയറിന് വിരാമമിട്ട് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് കൂടുമാറിയത്. ഈ സമയങ്ങളിൽ ബാഴ്സക്ക് ക്ലബ്ബിനൊപ്പമുള്ള മെസിയുടെ കരാർ പുതുക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മെസി പാരീസിലേക്ക് ചേക്കേറിയത്.
ഇപ്പോഴിതാ മെസിയുടെ ഈ പെട്ടന്നുള്ള പുറത്താകലിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബാഴ്സ താരമായ മാർട്ടിൻ ബ്രൈത്വൈറ്റ്. ഇത്തരത്തിലുള്ള വിടവാങ്ങലിനു മെസി ഒരിക്കലും അർഹനല്ലെന്നായിരുന്നു ബ്രൈത്വൈറ്റ് പറഞ്ഞത്. മെസിയുടെ വിരമിക്കൽ മത്സരം ബാഴ്സയിലാവാൻ ആഗ്രഹിക്കുന്നുവെന്നും മുൻ ബാഴ്സ താരം അഭിപ്രായപ്പെട്ടു. ജിഇക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രൈത്വൈറ്റ്.
''പെട്ടെന്നാണ് അത് നടന്നത്. ഇതിന്റെ കാരണം വിചിത്രമായിരുന്നു. അദ്ദേഹം കരാർ പുതുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കരാർ പുതുക്കാനുള്ള കാര്യങ്ങൾ എല്ലാം തയ്യാറായിരുന്നു. അദ്ദേഹം വളരെ ശാന്തനായിരുന്നു. അദ്ദേഹത്തോടൊപ്പം വളരെ മികച്ചതായിരുന്നു. ഒരു താരമെന്ന നിലയിൽ ലിയോയെക്കുറിച്ച് ഒന്നും പറയേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഇത്തരത്തിലൊരു പുറത്താകൽ അർഹിക്കുന്നില്ല. മെസി തന്റെ അവസാന മത്സരം അവിടെ കളിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് അർഹിക്കുന്നുണ്ട്'' മുൻ ബാഴ്സലോണ താരം പറഞ്ഞു.
ബ്രൈത്വൈറ്റും മെസിയും ബാഴ്‌സലോണയിൽ ൪൪ മത്സരങ്ങളിലാണ് ഒരുമിച്ച് കളിച്ചത്. ഇരുവരും ചേർന്ന് രണ്ട് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയുടെ താരമാണ് മെസി. 2023ലാണ് മെസി പിഎസ്ജിയിൽ നിന്നും മയാമിയിൽ എത്തുന്നത്. മെസിയുടെ വരവിനു പിന്നാലെ മേജർ ലീഗ് സോക്കറിന് കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.
2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മിന്നും പ്രകടനമാണ് മെസി അർജന്റീനക്കായി നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് മെസി ഫിനിഷ് ചെയ്തത്. എട്ട് ഗോളുകളാണ് മെസി 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസി ഇതുവരെ 36 ഗോളുകളാണ് നേടിയിട്ടുള്ളത്.
ലോകകപ്പ് യോഗ്യത പോരാട്ടത്തിലെ അവസാന മത്സരത്തിൽ ഇക്വാഡോറിനെതിരെ അർജന്റീന പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വാഡോർ അർജന്റീനയെ തകർത്തത്. മത്സരത്തിൽ അർജന്റീനക്കായി മെസി കളത്തിൽ ഇറങ്ങിയിരുന്നില്ല.
Former Barcelona player Martin Braithwaite has said that he would like Lionel Messi's retirement match to take place at Barcelona.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."