നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 14ാമത് സമ്മേളനം നാളെ ആരംഭിക്കും. പൊലിസിന്റെ കസ്റ്റഡി മർദനമടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുക. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയടക്കം നിരവധി വിഷയങ്ങൾ ഭരണപക്ഷവും ഉയർത്തിക്കാട്ടും. ഇതോടെ സഭ പ്രക്ഷുബ്ധമാകും.
ഇത്തവണ മൂന്നുഘട്ടങ്ങളിലായാണ് സഭ സമ്മേളിക്കുക. നാളെ മുതൽ 19 വരെ ഒന്നാംഘട്ടവും 29, 30 തീയതികളിൽ രണ്ടാംഘട്ടവും ഒക്ടോബർ 6 മുതൽ 10 വരെ മൂന്നാംഘട്ടവും നടക്കും. സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗികാരോപണ പരാതികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണപക്ഷം പ്രതിഷേധമുയർത്തും.
അത് മുന്നിൽക്കണ്ട് കഴിഞ്ഞദിവസം രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതിനാൽ രാഹുലിന്റെ ഇരിപ്പിടം കോൺഗ്രസ് അംഗങ്ങൾക്കൊപ്പമായിരിക്കില്ല. പ്രത്യേക ബ്ലോക്കായി ഇരുത്തും. കോൺഗ്രസിന് അനുവദിക്കുന്ന ചർച്ചാസമയത്തിൽ രാഹുലിന് പങ്കെടുക്കാനുമാവില്ല.
രാഹുൽ സഭയിലെത്തിയാൽ സംഘർഷസാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങൾ സെക്രട്ടേറിയറ്റിലു പരിസരങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. രാജി ആവശ്യപ്പെടാതെ കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ഭരണപക്ഷം കടുപ്പിക്കും.
പൊലിസ് പീഡനമാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. പീച്ചി, കുന്നംകുളം കസ്റ്റഡി പീഡന കേസുൾപ്പെടെ പൊലിസിന്റെ ക്രൂരത ഉയർത്തിക്കാട്ടുകയും മുഖ്യമന്ത്രിയുടെ നിശബ്ദതയെയും നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം വിമർശിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ കടം 4.8 ലക്ഷം കോടിയിലെത്തുകയും ഓഗസ്റ്റിൽ പണപ്പെരുപ്പ നിരക്ക് 9.04 ശതമാനത്തിലെത്തുകയും ചെയ്തതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പ്രതിപക്ഷം ചോദ്യംചെയ്യും. വർധിച്ച ധനക്കമ്മിയും വായ്പയെടുക്കലിനെ വളരെയധികം ആശ്രയിക്കുന്നതും പ്രതിപക്ഷം ഉയർത്തിക്കാട്ടും. മനുഷ്യ-വന്യജീവി സംഘർഷങ്ങളും പ്രധാന വിഷയമായിരിക്കും. അപകടകരമായ വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കുന്ന കരട് ബില്ലിന് മന്ത്രിസഭ പൊടുന്നനെ അംഗീകാരം നൽകിയത് ഇത് മുന്നിൽക്കണ്ടാണ്. എന്നാൽ, കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അനുമതിയുമില്ലാതെ സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാനാവില്ലെന്നിരിക്കേ, കണ്ണിൽപ്പൊടിയിടാനുള്ള അടവാണെന്ന് പ്രതിപക്ഷം സഭയിൽ തെളിയിക്കും.
വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയവും പ്രതിപക്ഷം ഉയർത്തും. കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കാനുള്ള ശ്രമങ്ങളെ എതിർക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കേ, ഇതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം കള്ളവോട്ടുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമ പദ്ധതിയും ചൂടേറിയ ചർച്ചയ്ക്ക് വഴിവയ്ക്കും. 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫിന്റെ 'പ്രീണന രാഷ്ട്രീയ' മായി ഇതിനെ പ്രതിപക്ഷം ഉയർത്തിക്കാട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."