അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം നടക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സ്വന്തമാക്കിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്ത്യ ആദ്യ മത്സരത്തിൽ യുഎഇയെയും പാകിസ്താൻ ഒമാനെയുമാണ് തകർത്തത്.
ഇന്റർനാഷണൽ ടി-20യിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ചരിത്രപരമായ വലിയ മുൻതൂക്കമാണ് ഇന്ത്യക്കുള്ളത്. ഇരു ടീമുകളും 13 തവണയാണ് കുട്ടി ക്രിക്കറ്റിൽ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒമ്പത് തവണയും വിജയം ഇന്ത്യയ്ക്കൊപ്പം ആയിരുന്നു. മൂന്നു മത്സരങ്ങളിൽ മാത്രമാണ് പാകിസ്താൻ വിജയിച്ചത്. ടി-20 ഫോർമാറ്റിൽ നടന്ന ഏഷ്യാകപ്പിൽ മൂന്നു മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ എത്തിയപ്പോൾ രണ്ടുതവണയും ഇന്ത്യക്കൊപ്പം ആയിരുന്നു വിജയം.
ഇപ്പോൾ ഈ ആവേശകരമായ മത്സരത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്താൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ്. വിരാട് കോഹ്‌ലിയുടെ അഭാവം പാക്കിസ്ഥാന് വളരെയധികം പ്രയോജനപ്പെടും എന്നാണ് മിസ്ബ ഉൾ ഹഖ് അഭിപ്രായപ്പെട്ടത്.
'പാകിസ്താന് ഈ മത്സരത്തിൽ തീർച്ചയായും ഒരു അവസരമുണ്ട്. ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കാതെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ മികച്ച രീതിയിൽ കളിക്കാൻ അവിടെ വിരാട് കോഹ്‌ലിയില്ല. ഇന്ത്യയുടെ ബാറ്റിംഗും വ്യത്യസ്തമാണ് പാകിസ്താന്റെ ഈ ബൗളർമാർക്കെതിരെ അവർ അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. അതുകൊണ്ട് പാക്കിസ്ഥാന് ഒരു നല്ല അവസരം ലഭിക്കും. എന്നാൽ പാക്കിസ്ഥാന് ഒരു മികച്ച തുടക്കം എപ്പോഴും ആവശ്യമാണ്" മുൻ പാക് താരം പറഞ്ഞു.
കഴിഞ്ഞവർഷം നടന്ന ടി-20 ലോകകപ്പ് വിജയത്തിനുശേഷമാണ് കോഹ്‌ലി കുട്ടി ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കോഹ്‌ലിക്കൊപ്പം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ടി20 യിൽ നിന്നും വിരമിച്ചിരുന്നു. നീണ്ട വർഷകാലങ്ങൾക്ക് ശേഷം ഇരുവരും ഇല്ലാതെ ഇന്ത്യ കളിക്കുന്ന ഒരു ടൂർണമെന്റ് കൂടിയാണിത്.
There are only hours left until the eagerly awaited India-Pakistan clash in the Asia Cup begins. Now, former Pakistan captain Misbah-ul-Haq has spoken about this exciting match. Misbah-ul-Haq opined that the absence of Virat Kohli will benefit Pakistan a lot.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."