പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
തിരുവനന്തപുരം: അഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഡോ.പി.എസ് മഹേന്ദ്രകുമാറാണ് ഹരജി നല്‍കിയത്.
അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതരത്വം ആണെന്നിരിക്കെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശണില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പമ്പയില്‍ ഈ മാസം 20 നാണ് സംഭവം. പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുന്‍ നിര്‍ദേശങ്ങളുടെ ലംഘനം ആണ്.
ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എല്ലാ വിശ്വാസികളേയും ഒരേ പോലെ പരിഗണിക്കണമെന്നും വി.ഐ.പികള്‍ക്കുള്ള സുരക്ഷാ ഏര്‍പ്പാടുകള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, വരവു ചെലവു കണക്കുകള്‍ എല്ലാം സുതാര്യമായിരിക്കണമെന്നും സംഗമം കഴിഞ്ഞ് കണക്കുകള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് കൈമാറി കോടതിയെ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."