പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ അഴിമതി
തിരുവനന്തപുരം: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ ത്വരിതപരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതില്‍ ഒന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.
വിജിലന്‍സ് തൊടുപുഴ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പള്ളിവാസല്‍ പദ്ധതി നടപ്പാക്കുന്നതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ആരോപണമുയര്‍ന്നിരുന്നു. 2007ല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്.
പദ്ധതിക്കുവേണ്ടി പൊന്നുംവിലയ്ക്കാണ് ഭൂമി ഏറ്റെടുത്തത്. ഇത് 2003ലാണ് ആരംഭിച്ചത്. 8,823 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു.
തരിശായി കിടന്ന ഭൂമിയും പൊന്നുംവിലയ്ക്കാണ് കെ.എസ്.ഇ.ബി ഏറ്റെടുത്തത്. 6,91,36,051 രൂപയാണ് ഭൂമിക്കായി നല്‍കിയതെന്നാണ് കണക്ക്. ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെതന്നെ ആരോപണം ഉണ്ടായിരുന്നു.
ഭൂമി ഏറ്റെടുത്തതില്‍ പട്ടയരേഖകളില്ലാത്തതും ഉള്‍പ്പെട്ടിരുന്നു. 17 പേര്‍ക്കായി 1,38,75,543 രൂപ ഇതിനായി നല്‍കുകയും ചെയ്തു. പട്ടയമുള്‍പ്പെടെയുള്ള രേഖകള്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ വ്യാജമായി ചമച്ചാണ് തട്ടിപ്പ് നടത്തിയതത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."