അമീബിക് മസ്തിഷ്‌കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ ആക്കുളം നീന്തല്‍ക്കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിങ് പൂളില്‍ കുളിച്ചതായി അധികൃതരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവിടുത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു.
നീന്തല്‍ക്കുളത്തിലെ മുഴുവന്‍ വെള്ളവും തുറന്നുവിടണം. നീന്തല്‍ക്കുള ഭിത്തി ഉരച്ച് വൃത്തിയാക്കണം. വെള്ളം നിലനിര്‍ത്തുമ്പോള്‍ നിശ്ചിത അളവില്‍ ക്ലോറിന്‍ നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഗസ്ത് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ നാല് കുട്ടികള്‍ ഇറങ്ങിയത്. പിറ്റേന്ന് തന്നെ ഇതില്‍ ഒരു കുട്ടിക്ക് കടുത്ത തലവേദന ഉണ്ടായി. ശാരീരിക അസ്വസ്ഥതകള്‍ കൂടിയതോടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്വീരികരിച്ചത്. പിന്നാലെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി ഐ.സി.യുവില്‍ തുടരുകയാണ്. മറ്റ് മൂന്നു കുട്ടികള്‍ക്കും ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വെള്ളത്തിന്റെ സാമ്പിളുകള്‍ ഇന്നലെ തന്നെ ശേഖരിച്ചിട്ടുണ്ട്. കുളത്തിലെ വെള്ളത്തിന്റെ പരിശോധനാഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി പേര്‍ ഇവിടെ നീന്തലിനായി എത്തുന്ന സ്ഥലമാണ്. നീന്തല്‍ പരിശീലനത്തിനെത്തുന്ന കുട്ടികള്‍ ഏറെയുള്ളതിനാല്‍ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ് .
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ സ്വദേശികളായ മൂന്ന് പേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു ഇവരില്‍ കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ പി.എസ്.അഖില്‍ മരിച്ചു.കണ്ണറവിള സ്വദേശികള്‍ക്കു സമീപത്തെ കാവിന്‍കുളത്തില്‍ നിന്നാണു രോഗം ബാധിച്ചതെന്നായിരുന്നു അന്ന് നിഗമനത്തിലെത്തിയത്. എന്നാല്‍ ഈ കുളത്തില്‍ നിന്നെടുത്ത സാംപിളില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
അതോടൊപ്പം പേരൂര്‍ക്കട സ്വദേശിയും ഡ്രൈവറുമായ നിജിത്തിനും രോഗം ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താനായില്ല. മുങ്ങിക്കുളിക്കുമ്പോള്‍ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്ടീരിയ തലച്ചോറില്‍ എത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുളത്തിലോ നദിയിലോ കുളിക്കുന്ന ആളായിരുന്നില്ല നിജിത്. മസ്തിഷ്‌കജ്വരം തുടര്‍ക്കഥയാകുമ്പോള്‍ ഇതിന്റെ കാരണവും പ്രതിരോധവും സംബന്ധിച്ച് ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."