ക്ഷേത്രത്തില്‍ 'ശാഖ' വേണ്ട
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ശാഖകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. നിയമവകുപ്പ് തയാറാക്കിയ ഉത്തരവ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടതിനു ശേഷം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
കേരള പൊലിസ് ആക്ട് എഴുപത്തിമൂന്നിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയാറാക്കിയ ദേവസ്വംവകുപ്പിന്റേതാണ് ഇത്തരവ്. ആര്‍.എസ്.എസ് ശാഖകള്‍ നിരോധിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ദേവസ്വം സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിനോട് നിയമോപദേശം തേടിയിരുന്നു. ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി വിവരമുണ്ടെന്നും എന്തു നടപടിയെടുക്കണമെന്നുമായിരുന്നു ദേവസ്വം സെക്രട്ടറി നിയമ സെക്രട്ടറിയോട് ആരാഞ്ഞത്. 1988ലെ മതസ്ഥാപന നിയമപ്രകാരം രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്. ക്ഷേത്രങ്ങളില്‍ ആയുധ, കായിക പരിശീലനങ്ങള്‍ നിയമവിരുദ്ധമാണെന്നും 2003ലെ കേരള പൊലിസ് നിയമത്തിലെ എഴുപത്തിമൂന്നാം സെക്ഷന്‍ പ്രകാരം കുറ്റകരമാണെന്നും ഹരീന്ദ്രനാഥ് നിയമോപദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംവകുപ്പ് ഉത്തരവിറക്കാന്‍ തീരുമാനിച്ചത്. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ എല്ലാ നിയമവശങ്ങളും ഉള്‍പ്പെടുത്തി ഉത്തരവിറക്കാനായിരുന്നു ദേവസ്വംമന്ത്രി ദേവസ്വം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
സാമുദായിക വിള്ളലുണ്ടാകാതിരിക്കാന്‍ എല്ലാ ആരാധനാലയങ്ങളിലും ആയുധപരിശീലനമോ ശാഖകളോ നടത്താന്‍ പാടില്ലെന്നായിരിക്കും സര്‍ക്കാര്‍ ഉത്തരവിലുണ്ടാകുക. പ്രധാനമായും ആര്‍.എസ്.എസിനെ ലാക്കാക്കിയുള്ളതായിരിക്കും ഉത്തരവ്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ ക്ഷേത്രങ്ങളിലെ ആയുധപരിശീലനം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ കരട് തയാറാക്കുകവരെ ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അന്നു നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.
ഇതാണു വീണ്ടും ഇടതു സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീലനം അനുവദിക്കില്ലെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ആര്‍.എസ്.എസ് ശാഖകള്‍ക്ക് പകരം സി.പി.എമ്മും ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം തുടങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ മന്ത്രിയുടെ നീക്കത്തിനെതിരേ രംഗത്തുവരികയും ചെയ്തു. ആര്‍.എസ്.എസിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നു ബി.ജെ.പി നേതാക്കളും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."