ഖത്തര്‍ തനിച്ചല്ല; ഇസ്‌റാഈല്‍ ഭീകരതയ്‌ക്കെതിരേ ഒന്നിച്ച് അറബ് വിദേശകാര്യമന്ത്രിമാര്‍; നിര്‍ണായക അറബ് ലീഗ് - ഒഐസി ഉച്ചകോടി ഇന്ന്
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്നമുസ്ലിം- അറബ് രാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്നത് സയണിസ്റ്റ് ഭീകരതയ്‌ക്കെതിരായ ശക്തമായ വികാരം. യോഗത്തില്‍ സംബന്ധിച്ച രാഷ്ട്രനേതാക്കളെല്ലാം ഇസ്‌റാഈലിനെ കടന്നാക്രമിച്ചാണ് സംസാരിച്ചത്. സയണിസ്റ്റ് ഭീകരതക്കിരയായ ഖത്തര്‍ തനിച്ചല്ലെന്ന് പ്രഖ്യാപിച്ച യോഗം, ഖത്തറിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ചേരുന്ന അറബ് ലീഗിന്റെയും മുസ്ലിം രാജ്യങ്ങളുടെയും ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ ദോഹയിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ് മാന്‍ അല്‍ഥാനിയാണ് ഉദ്ഘാടനംചെയ്തത്.
ഇസ്‌റാഈല്‍ ഖത്തറില്‍ നടത്തിയ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്രസമൂഹം അവരെ ശിക്ഷിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈലിന്റെ കാര്യത്തിലെടുക്കുന്ന ഇരട്ട നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ തങ്ങളുടെ സഹോദരങ്ങളാണ്. അവരെ പിറന്ന മണ്ണില്‍ നിന്ന് പുറത്താക്കാനാണ് ശ്രമം. ഇതു നടപ്പാകില്ലെന്നും ഇസ്‌റാഈലിന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈലിനെതിരേ ശക്തമാടയ വിമര്‍ശനമാണ് പ്രസംഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി അഴിച്ചുവിട്ടത്. ഏതെങ്കിലും സ്ഥലത്തിനു നേരെ മാത്രമല്ല, മറിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മേലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.
ഖത്തര്‍ ഒറ്റയ്ക്കല്ലെന്നും അറബ്, ഇസ് ലാമിക് രാജ്യങ്ങള്‍ ഒപ്പമുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ് മദ് അബ്ദുല്‍ ഗെയ്ത് പറഞ്ഞു. ഖത്തറിനു വേണ്ടി അറബ് - മുസ്ലിം കൂട്ടായ്മ വിപുലപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹീം താഹ പറഞ്ഞു. നാണംകെട്ട ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ എന്ന ക്രിമിനല്‍ യന്ത്രത്തെ നിലക്ക് നിര്‍ത്തേണ്ട ഉത്തരവാദിത്തം രാജ്യാന്തരസമൂഹത്തിന് ഉണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര ഉച്ചകോടിയില്‍ അവതരിപ്പിക്കേണ്ട കരട് പ്രമേയത്തിനും യോഗം അംഗീകാരം നല്‍കി. ഇസ്‌റാഈല്‍ആക്രമണത്തിനിരയായ ഖത്തറിനുള്ള ഇസ് ലാമിക, അറബ് രാജ്യങ്ങളുടെ അചഞ്ചലമായ പിന്തുണയും സയണിസ്റ്റ് ഭീകരതയോടുള്ള നിരാകരണവും എന്ന നിലയ്ക്കാണ് ഉച്ചകോടി ചേരുന്നത്.
ഉച്ചകോടിയുടെയും തീരുമാനങ്ങള്‍ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്‌റാഈലിന് ഒരുമിച്ച് മറുപടി നല്‍കാനുള്ള തീരുമാനം ഉച്ചകോടിയില്‍ വെച്ച് എടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് അവകാശം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അല്‍താനി വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ദോഹയിലെ ജനവാസ കേന്ദ്രത്തില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഖത്തര്‍ പ്രധാനമന്ത്രി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്നലെ ഇസ്‌റാഈലിലെത്തി. റൂബിയോ ഇസ്‌റാഈലില്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവരെ കാണുമ്പോഴാണ് ഖത്തറില്‍ ഒ.ഐ.സിയുടെയും അറബ് ലീഗിന്റെയും വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുന്നത്. ഖത്തറിനെതിരേ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതില്‍ യു.എസ് സന്തുഷ്ടരല്ലെന്നും റൂബിയോ പറഞ്ഞു.
Arab and Islamic states have condemned Israel’s “barbaric” attack on Qatar and will support Doha in the measures it will take to safeguard its sovereignty, says Qatari Prime Minister Sheikh Mohammed bin Abdulrahman bin Jassim Al Thani.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."