ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ
ഏഷ്യ കപ്പിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണർ അഭിഷേക് ശർമ്മ മികച്ച ഫോമിലാണ് കളിച്ചത്. 13 പന്തിൽ 31 റൺസ് നേടിയാണ് അഭിഷേക് ശർമ തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടുന്നതാണ് താരത്തിന്റെ പ്രകടനം. യുഎഇക്കെതിരായ ആദ്യ മത്സരത്തിലേതുപോലെ പാകിസ്താനെതിരെയും തുടക്കത്തിൽ തന്നെ താരം തകർത്തടിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ 16 പന്തിൽ 30 റൺസ് നേടിയാണ് അഭിഷേക് ശർമ്മ തിളങ്ങിയത്. രണ്ട് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇപ്പോൾ അഭിഷേക് ശർമയുടെ മികച്ച ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ.
''ഇപ്പോഴുള്ള ഇന്ത്യൻ ടീമിലെ താരങ്ങൾ ആരും അവരുടെ നാഴികക്കല്ലുകൾക്ക് വേണ്ടി കളിക്കുന്നില്ല. അഭിഷേക് ശർമ്മയ്ക്ക് എളുപ്പത്തിൽ 50-60 റൺസ് നേടി പുറത്താകാതെ നിൽക്കാമായിരുന്നു. എന്നാൽ അവൻ അത് ചെയ്തില്ല. അഭിഷേക് ശർമയുടെ പ്രത്യേകതതായുള്ള കഴിവുണ്ട്. അവന്റെ ബാറ്റ് സ്വിംഗിൽ പലരും അസൂയപ്പെടും. ലോകത്തിലെ പല താരങ്ങൾക്കും ഈ കഴിവ് ഇല്ല'' അശ്വിൻ പറഞ്ഞു.
ഇന്ത്യൻ ബാറ്റിങ്ങിൽ അഭിഷേക് ശർമക്ക് പുറമെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 37 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സ് അടക്കം പുറത്താവാതെ 47 റൺസ് നേടിയും മികച്ചു നിന്നു. 31 പന്തിൽ 31 നേടിയ തിലക് വർമ്മയും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കുൽദീപ് യാദവിന്റെ മികച്ച ബൗളിംഗ് കരുത്തിലാണ് പാകിസ്താനെ ഇന്ത്യ കുറഞ്ഞ ടോട്ടലിൽ ഒതുക്കിയത്. അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വീതം വിക്കറ്റുകളും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും നേടി തിളങ്ങി.
Former Indian spinner R Ashwin praises Abhishek Sharma for great performance against pakistan in Asia Cup 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."