സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
കോഴിക്കോട്: ആറ് വര്‍ഷം മുമ്പ് കാണാതായ വിജിലിന്റേതെന്നു കരുതുന്ന അസ്ഥികള്‍ സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അസ്ഥിയില്‍ മര്‍ദ്ദനത്തിന്റെ ആഘാതമോ ഒടിവുകളോ ഇല്ലെന്നാണ് പ്രാഥമിക ഫലം വ്യക്തമാക്കുന്നത്. അസ്ഥികള്‍ ഇനി ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കും. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാന്‍ അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
കേസിലെ രണ്ടാം പ്രതി കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്തിനെ കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന് പൊലിസ് പിടികൂടിയിരുന്നു. വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നീ പ്രതികളെ പൊലിസ് നേരത്തെ പിടികൂടിയിരുന്നു.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ തിരിച്ചിലിനൊടുവില്‍ എട്ടാമത്തെ ദിവസമാണ് ഏഴടിയോളം താഴ്ചയുള്ള ചതുപ്പില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിയത്. തലയോട്ടി ഒഴികെയുള്ള 53 അസ്ഥികളും പല്ലുകളുമാണ് കണ്ടെടുത്തതെന്ന് പൊലിസ് അറിയിച്ചു. ഇതിന് പുറമേ കെട്ടിത്താഴ്ത്താനുപയോഗിച്ച വെട്ടുകല്ലുകളും കരിങ്കല്ലുകളും വിജിലിന്റേതെന്ന് കരുതുന്ന പാന്റിന്റെ ഭാഗവും ബെല്‍റ്റും പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുല്‍ അസീസിനെയും സംഘത്തിനെയും ഉപയോഗിച്ച് പൊലിസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.
2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മിസിങ് കേസുകളുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിനിടെ സുഹൃത്തുക്കളായ നിഖിലിനെയും ദീപേഷിനെയും ചോദ്യം ചെയ്തതോടെയാണ് അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിജില്‍ മരിച്ചുവെന്നും മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയെന്നും വെളിപ്പെടുത്തിയത്. തുടര്‍ന്നായിരുന്നു ചതുപ്പില്‍ തിരച്ചില്‍ ആരംഭിച്ചത്. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം വിജിലിന്റേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു.
കൂടാതെ ആറ് വര്‍ഷം മുമ്പ് പ്രതികള്‍ ഒളിപ്പിച്ച വിജിലിന്റെ ബൈക്കും കണ്ടെത്തിയിരുന്നു. ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ അഷ്‌റഫിന്റെയും, എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രഞ്ജിത്തിന്റയും നേതൃത്വത്തില്‍ തഹസില്‍ദാര്‍, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സരോവരത്ത് പരിശോധന നടത്തിയത്.
മൃതദേഹം ചതുപ്പില്‍ താഴ്ത്തിയശേഷം കല്ല് മുകളില്‍ വച്ചിരുന്നതായി പ്രതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു അസ്ഥികള്‍ ഓരോന്നായി കണ്ടെത്തിയത്. വൈകിട്ട് വരെ നീണ്ട തിരച്ചലിനൊടുവില്‍ പല്ലുള്‍പ്പെടെ 53 അസ്ഥികള്‍ കണ്ടെത്തി. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
പ്രതികളുടെ വെളിപ്പെടുത്തലിന് പിന്നാലെ ഓഗസ്റ്റ് 27 നാണ് തിരിച്ചില്‍ ആരംഭിച്ചത്. കാലാവസ്ഥ പ്രതികൂലമായതോടെ മൂന്ന് ദിവസത്തിന് ശേഷം തിരച്ചില്‍ അവസാനിപ്പിച്ചു. കഡാവര്‍ നായകളെ എത്തിച്ചു പരിശോധിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു. ചതുപ്പിലേക്ക് ജെ.സി.ബിയുള്‍പ്പെടെ മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് എത്തുന്നതിനായി താത്കാലിക റോഡ് നിര്‍മിച്ചായിരുന്നു തിരച്ചില്‍. രണ്ടാംഘട്ട തിരിച്ചില്‍ രണ്ട് ദിവസം പിന്നിട്ടതോടെ വിജിലിന്റെതെന്ന് കരുതുന്ന ഷൂ ചതുപ്പില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ മൊഴി നല്‍കിയ സ്ഥലത്ത് നിന്ന് മാറിയാണ് അസ്ഥികളും മറ്റും കണ്ടെടുത്തത്. വിജില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കല്ലായ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയിരുന്നു.
തിരോധാനത്തിന് പിന്നില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയതോടെ അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളായ മൂന്ന് പേരിലേക്ക് ചുരുങ്ങി. പ്രതികള്‍ 2019 ല്‍ നല്‍കിയ മൊഴി പുനഃരന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പരിശോധിച്ചിരുന്നു. പിന്നീട് പ്രതികളില്‍ ദീപേഷിനോട് വീണ്ടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ദീപേഷിനെ ചോദ്യം ചെയ്തതോടെ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് ചില വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തതോടെ സംഭവം വിശദമാക്കുകയായിരുന്നു.
സരോവരത്തെ ഒഴിഞ്ഞ ഭാഗത്ത് വച്ച് വിജിലിനൊപ്പം നിഖിലും ദീപേഷും രഞ്ജിത്തും ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചിരുന്നതായി മൊഴി നല്‍കി. ഏറെനേരം കഴിഞ്ഞിട്ടും വിജില്‍ ഉണരാതിരുന്നതോടെ മൂവരും തിരിച്ചുപോന്നു. രാത്രി വീണ്ടുമെത്തിയപ്പോഴാണ് വിജില്‍ മരിച്ചെന്നുറപ്പാക്കിയത്. ഇതോടെ കുറ്റിക്കാട്ടിലേക്ക് മാറ്റിയശേഷം അടുത്ത ദിവസം മൃതദേഹം ചതുപ്പിലേക്ക് താഴ്ത്തി മുകളില്‍ ചെങ്കല്ല് വച്ചു.
എട്ടുദിവസംകഴിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ന്നത് കണ്ടതോടെ ഭാരമേറിയ കല്ലെടുത്ത് മുകളില്‍ വച്ചു. മാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തി അസ്ഥിയെടുത്ത് ബലിതര്‍പ്പണം നടത്തിയശേഷം കടലില്‍ ഒഴുക്കിയതെന്നായിരുന്നു മൊഴി. പിന്നീട് നിഖിലിനെ ചോദ്യം ചെയ്തപ്പോഴും ഇക്കാര്യം വ്യക്തമാക്കി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."