സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: രാജ്യത്തെ പൊലിസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റണമെന്ന നിർദേശവുമായി സുപ്രിംകോടതി. ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് കോടതി പരിഗണിക്കുന്നത്. കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സിസിടിവികൾ സ്ഥാപിച്ചാലും ഉദ്യോഗസ്ഥർക്ക് അവ ഓഫ് ചെയ്യാൻ കഴിയുമെന്നതിനാൽ, പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ മനുഷ്യ ഇടപെടലില്ലാതെ സ്വതന്ത്രമായി നിരീക്ഷിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
പ്രശ്നം മേൽനോട്ടത്തിലുള്ളതാണ്. ഇന്ന് സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലം നൽകിയേക്കാം. നാളെ ഉദ്യോഗസ്ഥർ ക്യാമറകൾ ഓഫ് ചെയ്തേക്കാം. അതിനാൽ, മനുഷ്യ ഇടപെടലുകൾ ഇല്ലാത്ത ഒരു കൺട്രോൾ റൂമിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നു. മനുഷ്യ ഇടപെടലുകളില്ലാതെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഐഐടിയെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാമെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
2020 ഡിസംബറിൽ പരംവീർ സിംഗ് സൈനി vs. ബൽജിത് സിംഗ് കേസിൽ, എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകളും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വന്ന് അഞ്ച് വർഷമായിട്ടും പല സംസ്ഥാനങ്ങളും ക്യാമറകളും സ്ഥാപിച്ചിട്ടില്ല. പലതും പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇഡി, എൻഐഎ, സിബിഐ തുടങ്ങിയ പ്രമുഖ അന്വേഷണ ഏജൻസികളുള്ള ഇന്ത്യാ ഗവൺമെന്റും കോടതി ഉത്തരവുകൾ പാലിച്ചിട്ടില്ല. പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്വമേധയാ ഓഫ് ചെയ്യുന്ന അവസ്ഥയും ഉണ്ട്.
രാജ്യത്ത് കസ്റ്റഡി മരണവും പീഡനവും വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി വീണ്ടും വിഷയത്തിൽ ഇടപെടുന്നത്. കേരളത്തിൽ ഉൾപ്പെടെ നിരവധി കസ്റ്റഡി ആക്രമണങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്തത്. ഈ വർഷം കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിൽ മാത്രം പൊലിസ് കസ്റ്റഡിയിൽ ഏകദേശം 11 പേർ മരിച്ചതായി ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 4 ന് കോടതി സ്വമേധയാ കേസ് എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."