ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ
മുബൈ: കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവറെ കണ്ടെത്തി. സർവീസിൽ നിന്ന് പിരിച്ചിവിട്ട മുൻ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ പൂനെയിലെ വീട്ടിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. നവി മുംബൈയിലെ ഐറോളി സിഗ്നലിലാണ് കഴിഞ്ഞ ദിവസം മിക്സർ ട്രക്കും കാറും കൂട്ടിയിടിച്ചത്. ഇതിന് പിന്നാലെ കാറിൽ ഉണ്ടായിരുന്നവർ ട്രക്ക് ഡ്രൈവറെ പിടിച്ച് കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് കേന്ദ്രം പിരിച്ചുവിട്ടു. പൂജ ഖേദ്കർ വഞ്ചനയ്ക്കും മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) ആനുകൂല്യങ്ങളും വികലാംഗ ക്വാട്ട ആനുകൂല്യങ്ങളും തെറ്റായി നേടിയതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം, യുപിഎസ്‌സി അവരെ ജീവിതകാലം മുഴുവൻ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരുന്നു. പരീക്ഷ എഴുതുന്നതിനായി തന്റെ ഐഡന്റിറ്റി വ്യാജമായി ഉപയോഗിച്ചതിന് കമ്മീഷൻ അവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
നവി മുംബൈയിലെ ഐറോളി സിഗ്നലിൽ മിക്സർ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറെ കാണാതായതായി പൊലിസ് പറഞ്ഞു. തുർബെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (എംഐഡിസി) താമസിക്കുന്ന 22 കാരനായ പ്രഹ്ലാദ് കുമാർ, മിക്സർ ട്രക്ക് ഡ്രൈവർ ചന്ദ്കുമാർ അനിൽ ചവാനൊപ്പം പോകുമ്പോൾ, മുളുന്ദ്-ഐറോളി റോഡിലെ ഐറോളി സിഗ്നലിൽ അവരുടെ വാഹനം ഒരു കാറിൽ ചെറുതായി ഇടിച്ചു. ഇതുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ടുപേർ ഇവരുമായി തർക്കമായി. പിന്നാലെ അടുത്തുള്ള പൊലിസ് സ്റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞ് പ്രഹ്ലാദ് കുമാറിനെ ഇവരുടെ കാറിൽ കയറ്റി. ചവാനോട് കാറിനെ പിന്തുടരാൻ ആവശ്യപ്പെട്ടു.
എന്നാൽ വേഗതയിൽ ഓടിച്ചുപോയ കാർ പിന്നീട് കണ്ടെത്താനായില്ല. ചവാൻ കുമാറുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് മറുപടി ലഭിച്ചില്ല. ആശങ്കാകുലനായ ചവാൻ പ്രദേശമാകെ തിരഞ്ഞെങ്കിലും കുമാറിനെ കണ്ടെത്താനായില്ല. തുടർന്ന് ഇയാൾ ട്രക്ക് ഉടമയായ വിലാസ് ധോണ്ടിറാം ഡെൻഗ്രെയെ ബന്ധപ്പെട്ടു. ഡെൻഗ്രെ പൊലിസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ പൂജ ഖേദ്കറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് എത്തിച്ചത്. ഇവിടെ ഇവരുടെ അമ്മയാണ് ഉണ്ടായിരുന്നത്.
വീട്ടിൽ എത്തിയ പൊലിസുമായി സഹകരിക്കാക്കാൻ ഖേദ്കറുടെ അമ്മ തയ്യാറായില്ലെന്ന് പൊലിസ് അറിയിച്ചു. ഇതേതുടർന്ന് ചോദ്യം ചെയ്യലിനായി റബാലെ പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് റബാലെ പൊലിസ് സീനിയർ ഇൻസ്പെക്ടർ ബാൽകൃഷ്ണ സാവന്ത് പറഞ്ഞു. അതേസമയം, ഖേദ്കറും തിരിച്ചറിയാത്ത പ്രതിയും തമ്മിലുള്ള ബന്ധം പൊലിസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."