ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
ജയ്‌പുർ: രാജസ്ഥാനിൽ വിവാഹത്തിന് നിർബന്ധിക്കാൻ 600 കിലോമീറ്റർ ദൂരം കാറോടിച്ചെത്തിയ യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഝൻഝ്നു സ്വദേശിയും അംഗൻവാടി സൂപ്പർവൈസറുമായ മുകേഷ് കുമാരി (37) ആണ് 2025 സെപ്റ്റംബർ 10ന് ബാർമർ ജില്ലയിൽ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ബാർമർ സ്വദേശിയും സ്കൂൾ അധ്യാപകനുമായ മനാരാം (40) പൊലിസ് കസ്റ്റഡിയിലെടുത്തു.
മുകേഷ് കുമാരി, 10 വർഷം മുമ്പ് വിവാഹമോചിതയായ ശേഷം 2024 ഒക്ടോബറിൽ ഫെയ്സ്ബുക്കിലൂടെ മനാരാമുമായി സൗഹൃദത്തിലായി. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. മനാരാമിനെ കാണാൻ മുകേഷ് പലതവണ ഝൻഝ്നുവിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ബാർമറിലേക്ക് യാത്ര ചെയ്തിരുന്നു. വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാനായിരുന്നു മുകേഷിന്റെ ആഗ്രഹം. എന്നാൽ, മനാരാമിന്റെ വിവാഹമോചന നടപടികൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. വിവാഹം ചെയ്യണമെന്ന മുകേഷിന്റെ ആവശ്യം ഇരുവർക്കുമിടയിൽ വഴക്കുകൾക്ക് കാരണമായിരുന്നു.
2025 സെപ്റ്റംബർ 10ന് മുകേഷ് തന്റെ ഓൾട്ടോ കാറിൽ ബാർമറിലെ മനാരാമിന്റെ ഗ്രാമത്തിലെത്തി. അവിടെ, മനാരാമിന്റെ കുടുംബാംഗങ്ങളോട് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുകേഷ് വെളിപ്പെടുത്തി. ഇത് മനാരാമിനെ പ്രകോപിപ്പിച്ചു. മനാരാം പൊലിസിനെ വിളിച്ചുവരുത്തി, ഇരുവരോടും സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ നിർദേശിക്കുകയും ചെയ്തു. മനാരാം, മുകേഷിനോട് സംസാരിക്കാമെന്ന് ഉറപ്പ് നൽകി.
വൈകുന്നേരം, മനാരാം മുകേഷിനെ ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മരണം സ്ഥിരീകരിച്ച ശേഷം, മനാരാം മൃതദേഹം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറ്റിവെച്ച് വാഹനം റോഡിൽ നിന്ന് തള്ളി അപകടമരണമായി വരുത്തിത്തീർക്കാൻ ശ്രമിച്ചു. ശേഷം മനാരാം വീട്ടിലേക്ക് മടങ്ങി.
പിറ്റേ ദിവസം നടന്ന പൊലിസ് അന്വേഷണത്തിൽ, മുകേഷിന്റെയും മനാരാമിന്റെയും ഫോൺ ലൊക്കേഷൻ സംഭവ സമയത്ത് ഒരേ സ്ഥലത്തായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ മനാരാമിനെ പൊലിസ് സംശയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.മനാരാമിനെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലിസ്, കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."