'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
തൃശ്ശൂർ: കേന്ദ്രമന്ത്രിയും തൃശ്ശൂർ എം.പി.യുമായ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനിടെ കരുവന്നൂർ ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു വയോധിക ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടി വിവാദമായി. ഇരിങ്ങാലക്കുടയിൽ നടന്ന പരിപാടിയിൽ, കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കണമെന്ന വയോധികയുടെ ചോദ്യത്തിന്, മുഖ്യമന്ത്രിയെ സമീപിക്കാനാണ് സുരേഷ് ഗോപി ആദ്യം പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞപ്പോൾ, "എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ" എന്ന് പരിഹാസരൂപേണ മന്ത്രി മറുപടി നൽകി.
വയോധിക "നിങ്ങൾ ഞങ്ങളുടെ മന്ത്രിയല്ലേ?" എന്ന് ചോദിച്ചപ്പോൾ, "ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. മുഖ്യമന്ത്രിയെ കണ്ട് ഇ.ഡി. പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് വീതിച്ച് തരാൻ പറയൂ" എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കി.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സി.പി.എം. ഒരു കൗണ്ടർ തുടങ്ങണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. "സി.പി.എം. ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദറിനെ പോലുള്ളവർ നിക്ഷേപകരെ കാണുന്നില്ലേ? ഇ.ഡി. പിടിച്ചെടുത്ത സ്വത്തുക്കൾ തിരികെ നൽകാൻ തയ്യാറാണ്, പക്ഷേ സഹകരണ വകുപ്പ് അത് സ്വീകരിക്കുന്നില്ല. ആ പണം സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് പറയണം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചുവേലായുധന്റെ നിവേദന വിവാദം
തൃശ്ശൂർ ചേർപ്പിലെ കലുങ്ക് സംവാദത്തിനിടെ, വീട് നിർമിക്കാൻ സഹായം ചോദിച്ച് എത്തിയ പുള്ള് സ്വദേശി കൊച്ചുവേലായുധന്റെ നിവേദനം സുരേഷ് ഗോപി സ്വീകരിക്കാതിരുന്നത് വിവാദമായിരുന്നു. ഇത് കൈപ്പിഴയാണെന്ന് മന്ത്രി വിശദീകരിച്ചു. "വീട് പണിയാൻ ഇറങ്ങിയവർ കരുവന്നൂർ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കൗണ്ടർ തുടങ്ങട്ടെ," എന്ന് അദ്ദേഹം വെല്ലുവിളിച്ചു. സി.പി.എം. കൊച്ചുവേലായുധന് വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഈ വിഷയം വീണ്ടും ചർച്ചയായത്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നടന്ന കലുങ്ക് സംവാദ സദസ്സുകളിലാണ് സുരേഷ് ഗോപി ഈ വിഷയങ്ങൾ ഉന്നയിച്ചത്. പൊതുതാൽപര്യ ആവശ്യങ്ങൾക്കാണ് കലുങ്ക് സംവാദം മുൻഗണന നൽകുന്നതെന്നും വ്യക്തിപരമായ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."