ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ജാമ്യമില്ലാ കേസിൽ പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പൊലിസുകാർക്ക് പ്രതിയുടെയും ബന്ധുക്കളുടെയും മർദനം. സംഭവത്തിൽ നിരവധി പൊലിസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഡൽഹിയിലെ ഫത്തേപുർ ബേരി മേഖലയിൽ വച്ചാണ് ഈ സംഭവം അരങ്ങേറിയത്. പരിക്കേറ്റ പൊലിസുകാരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
പൊലിസ് വൃത്തങ്ങൾ വെളിപ്പെടുത്തിയ വിവരങ്ങൾ പ്രകാരം, ചന്ദൻ ഹോള ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അസം എന്ന പ്രതിയെ പിടികൂടാനാണ് ചൊവ്വാഴ്ച ഒരു സംഘം പൊലിസുകാർ എത്തിയത്. എന്നാൽ, അസമിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതിയും ബന്ധുക്കളും ചേർന്ന് പൊലിസിനെ തടയുകയായിരുന്നു.
ബന്ധുക്കളുടെ ഈ ഇടപ്പെടൽ റോഡിൽ വലിയ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സംഘർഷത്തിൽ പൊലിസുകാർക്കും തടയാൻ ശ്രമിച്ചവർക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൊലിസ് വ്യക്തമാക്കിയതനുസരിച്ച്, സംഭവവുമായി ബന്ധപ്പെട്ട് അസമിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."