വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട "വോട്ട് ചോരി" ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. 2023-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് മണ്ഡലത്തിൽ 6,018 ഓൺലൈൻ വോട്ടർ അപേക്ഷകൾ പരിശോധിച്ചപ്പോൾ, അവയിൽ 24 എണ്ണം മാത്രമാണ് യഥാർത്ഥമായി കണ്ടെത്തിയതെന്ന് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) വ്യക്തമാക്കി. ഈ കേസുകളുടെ വിശദാംശങ്ങൾ പൊലിസിന് കൈമാറിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ ആരോപണം; കര്‍ണാടകയില്‍ വ്യാപക വോട്ടുവെട്ടല്‍
കര്‍ണാടകയിലെ അലന്ദില്‍ 6018 വോട്ടുകള്‍ ആരോ ഡിലീറ്റ് ചെയ്തു. അവിടുത്തെ ബി.എല്‍.ഒയുടെ ബന്ധുവിനെ ഡിലീറ്റ് ചെയ്യപ്പെടുന്നു. 6018ല്‍ ഒന്ന് അവരുടെ കുടുംബമായിരുന്നു. അയല്‍വാസിയാണ് അമ്മാവന്റെ വോട്ട് ഡിലീറ്റ് ചെയ്തതെന്ന് മനസ്സിലായ ബി.എല്‍.ഒ അയല്‍വാസിയുടെ അടുത്ത് ചെന്ന് ചോദിച്ചു. എന്നാല്‍ അയാള്‍ക്കും അത് അറിയില്ലായിരുന്നു. ബി.എല്‍.ഒക്ക് സംശയം തോന്നി. അവര്‍ ഇതേ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ക്ക് മനസ്സിലായി ആരോ അലന്ദില്‍ കൃത്യമായി വോട്ടുകള്‍ ഡിലീറ്റ് ചെയ്യുക എന്ന പ്രക്രിയ നടത്തുന്നു. ഫയലിങ് ഓട്ടോമാറ്റിക്കായി നടക്കുന്നു.ഗോദാബായ് എന്നയാളുടെ കുടുംബത്തിലെ 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്തു. അവര്‍ക്ക് ഇക്കാര്യം അറിയില്ല. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് അവര്‍ പറയുന്നു. വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോഗിച്ച സെല്‍ ഫോണ്‍ നമ്പറുകളും അദ്ദേഹം പങ്കുവെക്കുന്നു. ആരുടെ നമ്പറാണ് ഇത്, ആരാണ് ഇത് ഉപയോഗിക്കുന്നത്, അഎവിടെ നിന്ന് പ്രൊസസിന് വേണ്ട ഒടിപി ആരാണ് ജനറേറ്റ് ചെയ്യുന്നത് അദ്ദേഹം ചോദിച്ചു.
വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട ആളുകളേയും അദ്ദേഹം വാര്‍ത്താസമ്മേളന വേദിയില്‍ കൊണ്ടുവന്നിരുന്നു. 'എന്റെ പേരില്‍ 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ഞാന്‍ ആര്‍ക്കും മെസേജ് അയക്കുകയോ ഇതിനായി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ എന്റെ ഫോണില്‍ നിന്ന് മെസേജ് പോയെന്നാണ് അധികാരികള്‍ പറയുന്നത്' വോട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടകയിലെ നമ്പറുകള്‍ ഉപയോഗിച്ചല്ല ഇതൊന്നും നടക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ലക്ഷ്യം വെച്ചും വോട്ടുകള്‍ ഡിലീറ്റ് ചെയ്തു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ നമ്പറുകളാണിത്. അതില്‍ വിളിച്ചാല്‍ കിട്ടില്ല. വ്യാജ ലോഗിന്‍ ഉണ്ടാക്കിയാണ് നടപ്പാക്കുന്നത്. അലന്ദിലേത് കേന്ദ്രീകൃത തട്ടിപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടുകൊള്ളക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടുനില്‍ക്കുന്നു
അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക സി.ഐ.ഡി തെരഞ്ഞെടുപ്പ് കമ്മീഷന് 18 കത്തുകളയച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറില്‍ നിന്നോ കമ്മീഷനില്‍ നിന്നോ മറുപടിയുണ്ടായില്ല. ആരാണ് ഈ തട്ടിപ്പുകള്‍ ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയാം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാന്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സമാന അട്ടിമറി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രജന്‍ ബോംബ് വൈകാതെ പൊട്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകള്‍ ഇതില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. വോട്ടര്‍പ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തലിനെ അണുബോംബെന്നായിരുന്നു രാഹുല്‍ വിശേഷിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 152513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയില്‍ വിജയിച്ചത്. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള കോണ്‍ഗ്രസിലെ അജയ് റായ് 460457 വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അജയ് റായ് 6000 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.
തെരഞ്ഞെടപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് കൊള്ളനടത്തിയെന്ന് നേരത്തെ വെളിപെടുത്തിയിരുന്നു. തെളിവുകളടക്കമാണ് അന്ന് രാഹുല്‍ഗാന്ധി പുറത്ത് വിട്ടത്. ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്ന് അന്ന് രാഹുല്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനായി വോട്ട് ചോരി എന്ന പേരില്‍ വെബ്സൈറ്റും കോണ്‍ഗ്രസ് തുടങ്ങിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, ആലന്ദ് മണ്ഡലത്തിലെ 6,018 ഓൺലൈൻ അപേക്ഷകൾ രണ്ട് വർഷം മുമ്പ് അന്വേഷിച്ചിരുന്നുവെന്നും, അതിൽ 24 എണ്ണം മാത്രമാണ് യഥാർത്ഥമായി കണ്ടെത്തിയതെന്നും വ്യക്തമാക്കി. "വ്യവസ്ഥാപിതമായ വോട്ട് ചോരി" എന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും, കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലിസിന് കൈമാറിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."