ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്‌കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
മലപ്പുറം/ കൊല്ലം: സംസ്ഥാനത്ത് ഈ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ മുൻ വർഷത്തേക്കാൾ 1, 23, 686 വിദ്യാർഥികളുടെ കുറവു മൂലം 4090 അധ്യാപക തസ്തികകൾ നഷ്ടം. സർക്കാർ സ്‌കൂളുകളിൽ 66,315, എയ്ഡഡ് മേഖലയിൽ 59,371 വിദ്യാർഥികൾ ഈ വർഷം കുറഞ്ഞു. സ്‌കൂൾ തുറന്ന് ആറാം പ്രവർത്തി ദിവസത്തെ കണക്കെടുപ്പിനു ശേഷം വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ആധാർ കാർഡില്ലാതെ സ്‌കൂളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണവും അധ്യാപക തസ്തിക നഷ്ടപ്പെടാൻ കാരണമാകുന്നു.
ഈ അധ്യായന വർഷം ആധാർ ഇല്ലാതെ പഠിക്കുന്നത് 57,130 കുട്ടികളാണ്. ആധാറില്ലാത്ത വിദ്യാർഥികളുടെ എണ്ണം അധ്യാപക തസ്തിക നിർണയത്തിനു പരിഗണിക്കാത്തതിനാൽ 2015 മാർച്ചിനു ശേഷം ജോലിയിൽ കയറിയ നാനൂറോളം അധ്യാപകർ പെരുവഴിയിലാണ്. കെ.ഇ.ആർ ഭേദഗതി പ്രകാരം ഓരോ അധ്യായന വർഷവും ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടുന്ന ആധാർ ഉള്ള കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് തസ്തിക നിർണയം നടത്തുന്നത്.
എന്നാൽ കണക്കെടുപ്പു കഴിഞ്ഞതിനു ശേഷം കുട്ടികൾ ആധാർ എടുത്തോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തുനിഞ്ഞിട്ടില്ല. പരിശോധിക്കാമെന്ന മറുപടി മാത്രമാണുള്ളത്.സൗജന്യ പാഠപുസ്തകങ്ങൾ, യൂനിഫോം എന്നിവ നൽകാനും സ്‌കൂൾ ഉച്ചഭക്ഷണ പട്ടികയിൽ ഉൾപ്പെടാനും ആധാർ നമ്പർ നിർബന്ധമാക്കിയിരുന്നു. എന്നാൽ സ്‌കൂൾ ഉച്ച ഭക്ഷണം നൽകുന്നതിൽ ആധാർ ബാധകമാക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആധാറില്ലാത്ത കുട്ടികളുള്ളത് മലപ്പുറം ജില്ലയിലാണ്- 15, 472. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 5,509, മലപ്പുറം 4323, തിരൂരങ്ങാടി 4053 വിദ്യാർഥികൾക്ക് ആധാർ ഇല്ല. സർക്കാർ സ്‌കൂളുകളിലെ തസ്തിക നഷ്ടമാകുന്ന അധ്യാപകരെ സംരക്ഷണം നൽകി മറ്റു സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റും. ഒന്നിലധികം എയ്ഡഡ് സ്‌കൂളുകളുള്ള മാനേജ്‌മെന്റുകൾക്ക് അധ്യാപകരെ ഒഴിവുള്ള മറ്റു സ്‌കൂളുകളിലേക്ക് പുനർ വിന്യസിക്കാനാകും. എന്നാൽ ഇതു രണ്ടുമല്ലാത്ത സ്‌കൂളുകളിലെ അധ്യാപകർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസുള്ള സ്‌കൂളുകളിൽ 31 കുട്ടികളുണ്ടെങ്കിൽ ഡിവിഷൻ അനുവദിക്കും. ആധാറില്ലാത്ത ഒരു കുട്ടിയുടെ കുറവുണ്ടെങ്കിലും തസ്തിക നഷ്ടപ്പെടും.
ആധാറില്ലാത്ത കുട്ടികൾ ജില്ല തിരിച്ച്
തിരുവനന്തപുരം-5724
കൊല്ലം-3242
പത്തനംതിട്ട-1027
ആലപ്പുഴ-2534
കോട്ടയം-1690
ഇടുക്കി-1637
എറണാകുളം- 3633
തൃശൂർ-3278
പാലക്കാട്-4857
മലപ്പുറം-1542
കോഴിക്കോട്-4499
വയനാട്-1432
കണ്ണൂർ-4262
കാസർകോട്-3843
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."