ഇന്ത്യൻ ക്രിക്കറ്റിൽ ഈ നേട്ടം സഞ്ജുവിന് മാത്രം; ചരിത്രം സൃഷ്ടിച്ച് മലയാളി താരം
അബുദാബി: ഏഷ്യ കപ്പ് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒമാനെ 21 റൺസിനാണ് സൂര്യകുമാർ യാദവും സംഘവും വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. ഇത് മൂന്നാം തവണയാണ് സഞ്ജു ഇന്റർനാഷണൽ ടി-20യിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്നത്.
ഇതോടെ മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്കും അവകാശപ്പെടാനാവാത്ത ഒരു നേട്ടവും സഞ്ജു കൈപ്പിടിയിലാക്കി. ടി-20യിൽ മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് സഞ്ജു. ഇതിന് മുമ്പ് ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിലാണ് സഞ്ജു പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത്.
അതേസമയം മത്സരത്തിൽ ഇന്ത്യക്കായി സഞ്ജുവിന് പുറമെ അഭിഷേക് ശർമ്മ 15 പന്തിൽ 38 റൺസ് നേടി മികച്ച പ്രകടനം നടത്തി. അഞ്ചു ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്. തിലക് വർമ്മ 18 പന്തിൽ 29 റൺസും അക്‌സർ പട്ടേൽ 13 പന്തിൽ 26 റൺസും നേടി നിർണായകമായി.
ഒമാൻ നിരയിൽ ആമിർ കലീം, ഹമ്മദ് മിർസ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. ആമിർ 44 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 64 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി പൊരുതി. 33 പന്തിൽ 51 റൺസാണ് മിർസ നേടിയത്. അഞ്ചു ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ ജതീന്ദർ സിംഗ് 33 പന്തിൽ 32 റൺസ് നേടി. അഞ്ചു ഫോറുകളാണ് താരം നേടിയത്.
സൂപ്പർ ഫോറിൽ നാളെ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും സഞ്ജുവിന്റെ ബാറ്റിൽ നിന്നും മിന്നും പ്രകടനങ്ങൾ ഉണ്ടാവുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
Sanju Samson had a great performance in the Asia Cup by scoring a half-century against Oman. Sanju became the top scorer for the Indian team by scoring 56 runs off 45 balls in the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."