സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ പതിമൂന്നുകാരൻ ചികിത്സയിൽ
കോഴിക്കോട്: കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പതിമൂന്ന് വയസുകാരനായ മലപ്പുറം കാരക്കോട് സ്വദേശിയായ കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇതോടെ കോഴിക്കോട് ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി. ഒമ്പത് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ കുട്ടികളും 5 പേർ മുതിർന്നവരുമാണ്. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അതേസമയം, കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച റഹീം ജോലി ചെയ്ത ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോഴിക്കോട് പന്നിയങ്കരയിലുള്ള ശ്രീനാരായണ ഹോട്ടൽ അടച്ചിടാനാണ് നിർദേശം നൽകിയത്. റഹീമിന്റെ കൂടെ താമസിക്കുകയും അതേ ഹോട്ടലിൽ ജോലിയും ചെയ്തിരുന്ന ശശിയെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
ഇരുവരും താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്തെ വെള്ളസ്രോതസ്സുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. രണ്ട് മരണങ്ങൾ സമാന രോഗത്തെ തുടർന്നാണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. ഹോട്ടൽ പ്രദേശത്ത് താമസിക്കുന്നവർക്ക് ആരോഗ്യ പരിശോധന നിർദേശിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരം അതിവേഗം പടരുന്ന രോഗമായതിനാൽ, പ്രാദേശിക അധികൃതർ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
എന്താണ് അമീബ?
അമീബ ഒരു ഏകകോശ ജീവിയാണ്. അതിന് അതിന്റെ ആകൃതി മാറ്റാനും കഴിയും. ഇവ സാധാരണയായി കുളങ്ങൾ, തടാകങ്ങൾ, സാവധാനത്തിൽ ഒഴുകുന്ന നദികൾ തുടങ്ങിയ ജലാശയങ്ങളിൽ കാണപ്പെടുന്നു. ചൂടുനീരുറവകൾ, ചൂ
ടുള്ളതും ആഴം കുറഞ്ഞതുമായ ശുദ്ധജലാശയങ്ങളിലും ഇവയുണ്ടാകുന്നു. ഇത് മണ്ണിലും വസിക്കുന്നു. എന്നാൽ ഈ ഏകകോശ ജീവികൾക്ക് ചിലപ്പോൾ മനുഷ്യശരീരത്തിൽ കടന്ന് വിവിധ രോഗങ്ങളുണ്ടാക്കാനും കഴിയുന്നു.
എവിടെയായിരുന്നു ഇത്രയും കാലം?
പെട്ടെന്നാണ് കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം എന്ന രോഗം വന്നെത്തിയത്. ഇതോടെ ആളുകളിൽ ആശങ്കയുമേറി. ഇത് കൊറോണ വൈറസ് പോലെ പരക്കുമോ? എല്ലാ അമീബകളും അപകടകാരികളാണോ? തുടങ്ങിയ സംശയങ്ങളും ഭീതിയും നിറഞ്ഞു. നഗ്നനേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്തത്ര സൂക്ഷ്മാണുവാണ് അമീബ. മനുഷ്യന്റെ മൂക്കിലൂടെ ഉള്ളിൽ കയറി തലച്ചോർ കാർന്നു തിന്നുന്നവ.
മനുഷ്യരെ ആക്രമിക്കുന്ന സൂക്ഷ്മാണുവാണ്. ചില അമീബകളെ ബ്രെയിൻ ഈറ്റിങ് അമീബ എന്നും വിശേഷിപ്പിക്കുന്നു. ഇത് മൂക്കിലൂടെ ശരീരത്തിലേക്കു കയറി നേരെ തലച്ചോറിലേക്കെത്തുന്നു. പിന്നീട് മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളെ കാർന്നു തിന്നുന്നു.
അമീബ ശരീരത്തിൽ കയറിക്കഴിഞ്ഞു ലക്ഷണങ്ങൾ പ്രകടമാവാൻ ഏകദേശം 2 മുതൽ 15 ദിവസം വരെ വേണ്ടിവരും. ചൂടുകൂടിയാൽ മണ്ണിലെ അമീബയുടെ സാന്നിധ്യം കുറയുമെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലൊക്കെ ഇവ പെരുകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."