പ്യൂൺ ജോലിക്കായി എത്തിയത് 25 ലക്ഷം പേർ! 90 ശതമാനം പേർക്കും ഉന്നത ബിരുദങ്ങൾ, തൊഴിലില്ലായ്മ തുറന്നുകാട്ടി ഉദ്യോഗാർഥികൾ
ജയ്‌പൂർ: രാജ്യത്ത് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ എത്രത്തോളം രൂക്ഷമാണെന്ന് അറിയാൻ രാജസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പരീക്ഷയിലേക്ക് നോക്കിയാൽ മതി. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയുമുള്ള ഉദ്യോഗാർഥികൾ ഉൾപ്പെടെയുള്ളവർ പ്യൂൺ തസ്തികതയിലെ ജോലിക്ക് വേണ്ടി പരീക്ഷ എഴുതാൻ എത്തിയ സംഭവമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. പത്താം തരം യോഗ്യത ആവശ്യമായ പരീക്ഷ എഴുതാൻ എത്തിയത് 25 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ ആണ്...!
53,749 തസ്തികയാണ് ആകെ പ്യൂൺ ജോലിക്കായി രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ പോസ്റ്റിലേക്കാണ് 25 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയത്. അതായത് യഥാർത്ഥ ഒഴിവിനേക്കാൾ 50 ഇരട്ടിയോളം പേർ പരീക്ഷ എഴുതി ജോലിക്കായി കാത്തിരിപ്പാണ്. പത്താം ക്ലാസ് യോഗ്യത മാത്രം മതിയെന്ന തസ്തിക ആയിരുന്നിട്ടും, 90% അപേക്ഷകർക്കും എംഎസ്‌സി, ബിടെക്, പിഎച്ച്ഡി പോലുള്ള ബിരുദങ്ങൾ ഉണ്ടായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംസ്ഥാനത്തെ വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുടെ വ്യാപ്തി എടുത്തുകാണിക്കുന്നു.
അധ്യാപകരാകാൻ യോഗ്യരായ ബി.എഡ്. ഡിഗ്രിയുള്ളവർ മുതൽ ഭരണമേഖലയിലും മറ്റും ബിരുദമുള്ള അപേക്ഷകർ ഈ സ്വപ്നങ്ങൾ എല്ലാം മാറ്റിവെച്ച് ഒരു പ്യൂൺ ജോലിയെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്. സ്കൂൾ മണി അടിക്കാനും ചായ കൊണ്ടുവരാനും ഫയൽ അടുക്കിവെക്കാനും തുടങ്ങിയ പ്യൂണിന്റെ ഏത് ജോലി ചെയ്യാനും അവർ തയ്യാറാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായതോടെയാണ് ഉദ്യോഗാർഥികൾ എന്ത് തൊഴിൽ എടുക്കാനും നിർബന്ധിതരാകുന്നത്. 53,749 തസ്തികകളിലേക്ക് അപേക്ഷിച്ചവരിൽ 10% പേർക്ക് മാത്രമേ ആവശ്യമായ ഏറ്റവും കുറഞ്ഞ യോഗ്യത ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ എല്ലാം അമിത യോഗ്യത നേടിയവരായിരുന്നു.
38 ജില്ലകളിലായി 1,286 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. വിവിധ ഷിഫ്റ്റുകളിലായി നടന്ന പരീക്ഷയുടെ ഓരോ ഷിഫ്റ്റിലും 411,000-ത്തിലധികം ഉദ്യോഗാർഥികൾ പരീക്ഷ എഴുതി. പരീക്ഷ എഴുതാൻ എത്തിയവരുടെ എണ്ണം കാരണം പരീക്ഷ നടക്കുന്ന പ്രദേശങ്ങളിൽ എല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജയ്പൂർ ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ കനത്ത തിരക്കിനെ തുടർന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ അപേക്ഷകർ ബുദ്ധിമുട്ടി. തിരക്ക് കാരണം ബസുകളിലും മറ്റും തൂങ്ങി നിന്നാണ് ആളുകൾ മടങ്ങിയത്.
പരീക്ഷയിൽ സ്ഥിരമായ കൃതൃമത്വം നടക്കാറുള്ള രാജസ്ഥാനിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ആദ്യ ദിവസം തന്നെ, ഏകദേശം 1,700 ഓളം ഡ്യൂപ്ലിക്കേറ്റ് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ഈ ഉദ്യോഗാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തി. വഞ്ചന തടയുന്നതിനായി നഗ്നപാദനായി ഇരുത്തുക, കമ്മലുകൾ, മൂക്കുത്തികൾ തുടങ്ങിയ ആഭരണങ്ങൾ നീക്കം ചെയ്യുക എന്നിവയായിരുന്നു നടപടികളിൽ ഉൾപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."