ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പ്രതിചേര്‍ത്തു
മഞ്ചേരി: മെഡിക്കല്‍ കോളജിലെ ശമ്പള പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നടപടികളുമായി പൊലിസ്. ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചെന്ന പരാതിയില്‍ ജീനവനക്കാരായ ഇസിജി ടെക്‌നീഷ്യന്‍ സുബിന്‍, സ്റ്റാഫ് നഴ്‌സ് ഗോപകുമാര്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തു. മന്ത്രിയോട് പരാതി പറയാനെത്തിയ ജീവനക്കാരെ സിപിഎം നേതാക്കള്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കേസിനാധാരം.
സുബിനെയും, ഗോപകുമാറിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലിസ് വിശദമായ ചോദ്യം ചെയ്യലും നടത്തി. മന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റ് ജീവനക്കാരുടെ പേരുകള്‍ പൊലിസ് ചോദിച്ചെങ്കിലും ഇവര്‍ നല്‍കിയില്ല. കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ.കെ അനില്‍രാജ് നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന 20 താല്‍ക്കാലിക ജീവനക്കാരെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിഷേധത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലിസ് പരിശോധിച്ചിരുന്നു.
കഴിഞ്ഞ മാസം 12ന് മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് ആരോഗ്യ മന്ത്രി എത്തിയത്. പരിപാടികള്‍ പൂര്‍ത്തിയാക്കി മന്ത്രി മടങ്ങുന്നതിനിടെ എച്ച്.ഡി.എസിന് കീഴില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ മന്ത്രിയോട് മാസങ്ങളായി തങ്ങള്‍ക്ക് വേതനം ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. ഇതിനിടെ ജീവനക്കാര്‍ മന്ത്രിയെ കാണുന്നത് സിപിഎം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. തൊഴിലാളികള്‍ തങ്ങളുടെ ദുരവസ്ഥ കരഞ്ഞ് പറയാന്‍ ശ്രമിച്ചെങ്കിലും മന്ത്രി പോകാന്‍ ഒരുങ്ങി. ഇതോടെ ജീവനക്കാര്‍ ബഹളം വെക്കുകയും, സിപിഎം പ്രവര്‍ത്തകര്‍ ജീവനക്കാരെ തടയുകയും ചെയ്തു. ഇത് കയ്യാങ്കളിയിലും, വാക്കേറ്റത്തിലും കലാശിച്ചു. തുടര്‍ന്നാണ് ആശുപത്രി പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
police registered case against temporay workers for protest held in manjeri medical college
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."