ജനങ്ങള്‍ക്ക് ഓണം-പെരുന്നാള്‍ സമ്മാനം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിനു ഇനി ഹൈടെക് മുഖം
ചെറുവത്തൂര്‍: ചെറുവത്തൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് അടിത്തറ പാകി സ്ഥാപിതമായ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന്റെ രജതജൂബിലി വര്‍ഷത്തില്‍ സ്റ്റാന്‍ഡിനു ഹൈടെക് മുഖം. ആധുനിക സൗകര്യങ്ങളോടു കൂടിയ ജില്ലയിലെ ആദ്യത്തെ ബസ് സ്റ്റാന്‍ഡാണു ചെറുവത്തൂരില്‍ ഒരുങ്ങിയിരിക്കുന്നത്.
ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 85 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മാണം നടത്തിയത്. സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഓവുചാല്‍, ചുറ്റിലും വൈദ്യുതി വെളിച്ചങ്ങള്‍, കാത്തിരിപ്പിനായി എയര്‍പോര്‍ട് കസേരകള്‍, എല്‍.ഇ.ഡി ടി.വി എന്നിവയും ബസ് സ്റ്റാന്‍ഡ് യാര്‍ഡിന്റെ പടിഞ്ഞാറ് വശത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും ഒരുങ്ങി കഴിഞ്ഞു.
നാളെ രാവിലെ 11നു മന്ത്രി കെ.ടി ജലീല്‍ നവീകരിച്ച ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കും. എം രാജപോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. പി കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും.
എല്‍.ഇ.ഡി വിളക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, കാത്തിരിപ്പ് കേന്ദ്രം മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്‍ജിനിയറിങ്ങ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍ എന്നിവരെ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ആദരിക്കും.
മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന ധാരണയിലാണു പ്രവൃത്തി ആരംഭിച്ചതെങ്കിലും രണ്ടു മാസത്തിനകം തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു തുറന്നു കൊടുക്കുകയാണ്. സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തില്‍ കുട്ടമത്ത് നഗറിലേക്കു സ്വാഗതം എന്ന ഡിജിറ്റല്‍ ബോഡും സ്ഥാപിച്ചു.
വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയത്.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, പഞ്ചായത്ത് സെക്രട്ടറി ടി വി പ്രഭാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി പ്രമീള, അസി. എന്‍ജിനിയര്‍ അനസൂര്യ, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."