പണം കൊള്ളയടിച്ച പ്രതിയെ പരേഡില്‍ തിരിച്ചറിഞ്ഞു
കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി കോടികള്‍ തട്ടിയ കേസിലെ പ്രതിയെ പരേഡില്‍ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പിലെ എന്‍.കെ മൃദുലിനെയാണ്(26) കാസര്‍കോട് കോടതിയില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പരാതിക്കാരനായ ഗണേശന്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം ചെര്‍ക്കള ബേവിഞ്ച വളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.തലശ്ശേരി തിരുവങ്ങാട്ട് താമസക്കാരനും മഹാ രാഷ്ട്ര സ്വദേശിയുമായ സ്വര്‍ണവ്യാപാരിയുടെ സഹായിയാണു ഗണേശന്‍. സംഭവ ദിവസം ഗണേശന്‍ പണവുമായി കാറില്‍ പോകുന്നത് മനസിലാക്കിയ മൃദുലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നു ഗണേശന്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാറില്‍ പിന്തുടരുകയും ബേവിഞ്ച വളവിലെത്തിയപ്പോള്‍ സ്വര്‍ണ വ്യാപാരിയുടെ കാറില്‍ കാറിടിപ്പിച്ചു തടഞ്ഞു നിര്‍ത്തുകയും തോക്കു ചൂണ്ടി പണം ആവശ്യപ്പെടുകയും ചെയ്തു.
പണം നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് കാര്‍ തട്ടിക്കൊണ്ടു പോവുകയും പൊയിനാച്ചി ബട്ടത്തൂരിന് സമീപത്ത് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാറിന്റെ രഹസ്യ അറയില്‍ നിന്നു അക്രമി സംഘം പണം കൊള്ളയടിക്കുകയുമായിരുന്നു. സംഭവത്തില്‍ 10 പേര്‍ക്കെതിരേ വിദ്യാനഗര്‍ പൊലിസ് കേസെടുത്തിരുന്നു.
മൃദുലിനെ മാത്രമാണ് പൊലിസിനു പിടികൂടാന്‍ സാധിച്ചത്. മൃദുലിനെ മൂന്നു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലാണു കേസ് അന്വേഷണം നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."