ഒറ്റക്കൈമാറ്റ വോട്ട് സമ്പ്രദായവുമായി മുസ്‌ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് മൂന്നു തവണ ഒരേ സ്ഥാനത്ത് തുടരുന്നവര്‍ക്ക് സ്ഥാനം നഷ്ടമാകും
തൃക്കരിപ്പൂര്‍: ഒറ്റക്കൈമാറ്റ വോട്ട് സമ്പ്രദായം അവലംബിച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍. വിഭാഗീയതയും ചേരിതിരിവും ഒഴിവാക്കാനാണിത്. പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും കൗണ്‍സില്‍ നിന്നു നേരിട്ടു തെരഞ്ഞെടുക്കും. ട്രഷറര്‍, വൈസ്പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് ഒറ്റക്കൈമാറ്റ വോട്ട് സമ്പ്രദായം. ഇതു പ്രാവര്‍ത്തികമായാല്‍ പ്രത്യേക ഗ്രൂപ്പ് സംവിധാനം ഇല്ലാതാകുമെന്ന വിശ്വാസമാണ് സംസ്ഥാന കമ്മിറ്റിക്കുള്ളത്.
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഒഴികെയുള്ള സ്ഥാനങ്ങളില്‍ ഒറ്റക്കൈമാറ്റ വോട്ടിംഗില്‍ ഒരാള്‍ക്ക് ഒരു സ്ഥാനാര്‍ഥിക്കു മാത്രമേ വോട്ടു ചെയ്യാന്‍ കഴിയുകയുള്ളൂ. ഒരു ഗ്രൂപ്പായി വന്ന് ആ ഗ്രൂപ്പിനു മൊത്തമായി അവര്‍ക്ക് ഇഷ്ടപ്പെട്ടവരെ മാത്രം തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് സാരം. ഒറ്റക്കൈമാറ്റ വോട്ടിംഗിലൂടെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന ആള്‍ ഖജാന്‍ജിയായി തെരഞ്ഞടുക്കപ്പെടും. അതില്‍ താഴെ വോട്ടുകള്‍ കിട്ടുന്നവര്‍ യഥാക്രമം വൈസ്പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്കു തെരഞ്ഞടുക്കപ്പെടും. കൂടാതെ ഒരേ സ്ഥാനത്ത് മൂന്നു തവണ ഇരുന്നയാള്‍ അതേ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനോ തെരഞ്ഞെടുക്കപ്പെടാനോ പാടില്ലെന്നു സംഘടനാ തെരഞ്ഞെടുപ്പ് നിയമത്തില്‍ പറയുന്നുണ്ട്. ഇതിനാല്‍, പല തവണകളായി ഒരേ സ്ഥാനത്തു തന്നെ തുടരുന്നവര്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടമാകും.
യുവജന വിഭാഗം ഈ സമ്പ്രദായത്തെ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിലുമുണ്ട് പ്രത്യേകതകള്‍. ഇതിനായി പ്രത്യേക അപേക്ഷാ ഫോറങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അംഗമാകുന്നവര്‍ അപേക്ഷാ ഫോറത്തിലെ മുഴുവന്‍ വിവരങ്ങളും പൂരിപ്പിക്കുന്നതോടൊപ്പം പേര് പൂര്‍ണ വിലാസം ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയും പൂരിപ്പിക്കണം. മുഴുവന്‍ മെമ്പര്‍ഷിപ്പ് അപേക്ഷകളും ഇതിനായി തയാറാക്കിയ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. വനിതാ ലീഗിന് പ്രത്യേക അംഗത്വ അപേക്ഷാ ഫോറവും ഒരുക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്നു മുതലാണ് മെമ്പര്‍ഷിപ്പ് കാംപയിന്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."