സഊദിയിൽ നാളെ ദേശീയ ദിനം; വമ്പൻ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരങ്ങൾ
റിയാദ്: ദേശീയ ദിനം വർണാഭമായി ആഘോഷിക്കാൻ ഒരുങ്ങി സഊദി അറേബ്യ. നാളെയാണ് സഊദി ജനത തങ്ങളുടെ 95-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. ആറ് ദിവസത്തെ വൻ ആഘോഷ പരിപാടികളോടെയാണ് രാജ്യം ഈ ചരിത്ര മുഹൂർത്തം ആഘോഷിക്കുന്നത്. 14 നഗരങ്ങളിൽ വ്യോമ-നാവിക പ്രദർശനങ്ങൾ, വെടിക്കെട്ട്, പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും.
1932-ൽ അബ്ദുൽ അസീസ് രാജാവ് നജ്ദും ഹെജാസും ഒന്നിപ്പിച്ച് സഊദി അറേബ്യ എന്ന രാജ്യം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനം സഊദിയിൽ ഔദ്യോഗിക പൊതു അവധി ദിനമാണ്.
"നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിൽ" എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടക്കുന്നത്. ഉദാരത, അഭിലാഷം, ധൈര്യം, അന്തസ്സ്, ആതിഥ്യം തുടങ്ങിയ സഊദികളുടെ ഗുണങ്ങളെ ഈ തീം ഉയർത്തിക്കാട്ടുന്നുവെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) വ്യക്തമാക്കി.
ദേശീയ ദിനാഘോഷങ്ങൾ രാജ്യത്തിന്റെ അഭിലാഷത്തിന്റെ ദർശനത്തിനും ജനങ്ങളെ നേട്ടങ്ങളിലേക്കും ഭാവി വിജയങ്ങളിലേക്കും നയിക്കുന്നതിനും ഊന്നൽ നൽകുന്നു. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിൽ സഊദി ഹോക്‌സിന്റെ വെടിക്കെട്ട്, ഡ്രോൺ ഷോ, ആകാശ പ്രദർശനങ്ങൾ എന്നിവ നടക്കും. പരമ്പരാഗത നൃത്തങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, കലാ പ്രദർശനങ്ങൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
പൗരന്മാരും താമസക്കാരും പരിപാടികളിൽ അണിനിരന്ന് ആഘോഷത്തിൽ പങ്കുചേരും. സൈനിക വിമാനങ്ങൾ ആകാശത്ത് വ്യോമാഭ്യാസ രൂപങ്ങൾ പ്രദർശിപ്പിക്കും. ഫ്രിഗേറ്റുകളും പട്രോളിംഗ് ബോട്ടുകളും തീരങ്ങളിൽ നാവിക ശക്തി കാട്ടും. സൈനിക വാഹനങ്ങളും മാർച്ചിംഗ് ബാൻഡുകളും അണിനിരക്കുന്ന ലാൻഡ് പരേഡ് രാജ്യത്തിന്റെ ശക്തി പ്രകടമാക്കും. റോയൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, സഊദി എയർലൈൻസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും.
ചൊവ്വാഴ്ച രാത്രി 9 മണിക്ക് റിയാദ്, ജിദ്ദ, ദമ്മാം, മദീന, നജ്‌റാൻ തുടങ്ങിയ നഗരങ്ങളിൽ വെടിക്കെട്ട് നടക്കും. റിയാദിലെ ബിൻബാൻ ഹിസ്റ്റോറിക് ഏരിയ, ജിദ്ദയിലെ ആർട്ട് പ്രൊമെനേഡ്, ദമ്മാമിലെ കടൽത്തീരം, മദീനയിലെ കിംഗ് ഫഹദ് സെൻട്രൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഏഴ് മിനിറ്റ് നീളുന്ന വെടിക്കെട്ടും നടക്കും.
Saudi Arabia marks its 95th National Day on September 23, 2025, with vibrant celebrations across 14 cities, featuring fireworks, air shows, and cultural events. Join the unity and pride of this grand occasion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."