തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രാജിവച്ചു
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും മറിയപുറം വാര്‍ഡ് മെമ്പറുമായ സരിത സുരേഷ് രാജിവെച്ചു. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സരിത സുരേഷിനെ പുറത്താക്കിയിരുന്നു. തിരുവമ്പാടി ലോക്കലിലെ മറിയപുറം ബ്രാഞ്ച് മെമ്പറാണ് സരിത.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് കാണിച്ചാണ് ഇവരെ പുറത്താക്കിയത്. സി.പി.എം തിരുവമ്പാടി ലോക്കല്‍ കമ്മിറ്റി ഇവരുടെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. ഇന്നലെ ഇവരുടെ രാജി കത്ത് രജിസ്ട്രേഡ് തപാല്‍ വഴിയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ നിന്ന് 33 വോട്ടിന്റെ അട്ടിമറി വിജയം നേടിയാണ് ഇവര്‍ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിനു ശേഷം വനിതകള്‍ക്കായി സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാനായി സരിത ശ്രമിച്ചിരുന്നു. ഇതു നടക്കാതെ വന്നതോടെ പാര്‍ട്ടി നേതൃത്വവുമായി ഇവര്‍ ഇടഞ്ഞു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണം പതിനേഴില്‍ പത്ത് സീറ്റിന്റെ ബലത്തിലായിരുന്നു.
സരിതയുടെ രാജിയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷ മാത്രമാണ് ഇടതു ഭരണ സമിതിക്കുള്ളത്. സരിതയുടെ രാജിക്കു പിന്നില്‍ പല വിവാദങ്ങളും ഉയരുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കും. അതിനിടെ മറിയപുറം വാര്‍ഡില്‍ നടക്കാനിക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."